PA മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി! മന്ത്രിയുടെ പി.ആർ ദുരന്ത നിവാരണ ചട്ടങ്ങൾ ലംഘിച്ച്!

മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി പദവിയിലേക്ക്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റ് ലംഘിച്ച് മുഖ്യമന്ത്രി വയനാട് ദുരന്തത്തിൻ്റെ മേൽനോട്ട ചുമതല മുഹമ്മദ് റിയാസ് അടങ്ങുന്ന മന്ത്രിസഭ ഉപസമിതിക്കാണ് കൈമാറിയത്. റിയാസിനെ കൂടാതെ എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു , കെ. രാജൻ എന്നിവരാണ് മന്ത്രിസഭ ഉപ സമിതിയിൽ ഉള്ളവർ. ദുരന്ത മുഖത്ത് മറ്റ് മന്ത്രിമാരെ നോക്കു കുത്തിയാക്കി സൂപ്പർ മുഖ്യമന്ത്രി ചമയുകയാണ് റിയാസ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

വൈറ്റ് ഗാർഡിൻ്റെ ഭക്ഷണ ശാല പൂട്ടിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രവും റിയാസായിരുന്നു.ഒരു വശത്ത് വൈറ്റ് ഗാർഡിൻ്റെ ഭക്ഷണശാല പൂട്ടുക മറുവശത്ത് എൻ്റെ മുഖം, എൻ്റെ ഫുൾ ഫിഗർ എന്ന സരോജ് കുമാർ ശൈലിയിൽ ചാനലുകളിൽ പറന്ന് നടക്കുകയാണ് റിയാസ്. റിയാസിൻ്റെ ഡിസാസ്റ്റർ പി.ആർ വേണ്ട എന്ന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടം ഇന്നലെ തുറന്ന് പറഞ്ഞു. തലസ്ഥാനത്ത് ആണെങ്കിൽ ചട്ടങ്ങൾ ലംഘിച്ച് ഓരോ പേപ്പറുകൾ ഓരോ ദിവസവും ഇറങ്ങുകയാണ്. ശാസ്ത്രജ്ഞൻമാരെ ദുരന്തമുഖത്ത് വിലക്കി കുപ്രസിദ്ധിയാർജിച്ച സർക്കുലർ ഉടമ ടിങ്കു ബിസ്വാളിനെ കൊണ്ട് ഇന്നലെ പുതിയ ഒരു പ്രൊസിഡിംഗ് ഇറക്കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ വയനാട് ജില്ലാ കലക്ടറെ പൂർണമായും ഒഴിവാക്കി രണ്ട് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകിയത് പുതിയ ഉത്തരവിലൂടെ തിരുത്തിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായ പല അഴിച്ചു പണികളും നടത്തുന്നുമുണ്ട്.

അപ്രതീക്ഷിതമായി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ സംവിധാനങ്ങൾ എപ്രകാരം പ്രതികരിക്കണമെന്നും ആരെല്ലാം എന്തെല്ലാം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടതാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ നടപടിക്രമങ്ങൾ സർക്കാർ ഉത്തരവായി നിലവിലുണ്ട്. സംസ്ഥാനത്തെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്ന നിലവിലെ സംവിധാനങ്ങളെ അടിമുടി മാറ്റികൊണ്ടുള്ള പുതിയ സംവിധാനമാണ് MTO VII/978/2024/SDMA-KSDMA എന്ന നമ്പറിൽ 4.08.2024 ന് ഇറക്കിയിട്ടുള്ളത്. ദുരന്ത നിവാരണ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള ഓറഞ്ച് ബുക്കിൽ നിന്ന് വ്യതിചലിച്ചാണ് പുതിയ സംവിധാനം.

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ റവന്യൂ മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും മാത്രമാണ് രാഷ്ട്രീയക്കാരായി ഉള്ളത്. തൊട്ടു താഴെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമാണ് ഉള്ളത്. ദുരന്തമുഖത്ത് പക്ഷപാതം ഇല്ലാതെയും സുതാര്യതയും വേഗതയും ഉറപ്പുവരുത്താനും വേണ്ടി കീഴ്ഘടകങ്ങളിൽ ഒന്നിലും രാഷ്ട്രീയക്കാർക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രാതിനിധ്യം ഇല്ല.

തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് നടത്തുന്നത് പോലെ എണ്ണയിട്ട മെഷീൻ കണക്ക് പ്രവർത്തിക്കാനാണ് ഈ സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കിയിരിക്കുന്നത്. GO(Rt)No.280/2019/DMD എന്ന് സർക്കാർ ഉത്തരവിലൂടെ സ്ഥാപിച്ച ‘കമാൻഡ് ആൻഡ് കൺട്രോൾ’ സംവിധാനമാണ് ഇപ്പോൾ എടുത്ത് മാറ്റിയിരിക്കുന്നത്. റിയാസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിക്ക് ദുരന്തനിവാരണ നിയമപ്രകാരം അധികാരങ്ങൾ ഒന്നും ഇല്ലെങ്കിലും പുതിയ ഉത്തരവിന്റെ മറവിൽ കൈകടത്തലുകൾ നടത്താനാകും.

ഓറഞ്ച് ബുക്കിലോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിലോ (SOP) ഇല്ലാത്ത GST കമ്മീഷണറെ സ്റ്റേറ്റ് ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡറായി നിയോഗിച്ചിട്ടും ഉണ്ട്. ദുരന്തനിവാരണത്തിൽ ഇതര വകുപ്പുകളെ അപേക്ഷിച്ച ജി എസ് ടി വകുപ്പിന്റെ പ്രസക്തി എന്താണെന്ന് വ്യക്തമല്ല. എക്സാലോജിക്ക് മാസപ്പിടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകളും മന്ത്രി റിയാസിന്റെ ഭാര്യയുമായ വീണയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി ജിഎസ്ടി വകുപ്പ് അനുകൂലമായ റിപ്പോർട്ട് നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മറ്റു സെക്രട്ടറിമാർ അടങ്ങുന്ന സമിതി ജി എസ് ടി കമ്മീഷണർക്ക് വേണ്ട പിന്തുണയും സഹായങ്ങളും നൽകണമെന്നും വിചിത്രമായ ഉത്തരവിൽ പറയുന്നു.

ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിക്ക് ഇത്തരത്തിൽ ഒരു ഓഫീസ് പ്രൊസീഡിങ്ങിലൂടെ നിയമങ്ങളെയും ചട്ടങ്ങളെയും സർക്കാർ ഉത്തരവുകളെയും മറികടന്ന് പുതിയ സംവിധാനം ഒരുക്കാൻ സാധിക്കുമോ എന്ന് നിയമ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം കൈകാര്യം ചെയ്യുന്ന ഈ വേളയിൽ തന്നെ, ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുള്ളവരെ മാറ്റി നിർത്തി, റിയാസിന് പ്രാമുഖ്യം നൽകുന്ന പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിന്റെ സാംഗ്യവും വ്യക്തമല്ല.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments