
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ പട്ടിക തയാറാക്കുകയാണ് പ്രധാന ദൗത്യമെന്ന് റവന്യുമന്ത്രി കെ രാജന്‍. ഇതിനായി അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ദുരന്തമേഖലയിലെ തിരച്ചിലിനായി കൂടുതല്‍ കഡാവര്‍ നായ്ക്കള്‍ കൂടി ഇന്നെത്തുമെന്നും കെ. രാജന്‍ പറഞ്ഞു.
ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തകരെ രാവിലെ 9 മണിവരെ മാത്രമേ കടത്തിവിടുകയുള്ളൂ. പുനരധിവാസത്തിന് പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടില്ല. നാളെ വിദ്യാഭ്യാസ, റവന്യു മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം ചേരും.
ചാലിയാറിൽ മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. മരണസംഖ്യ 369 ആയി. 53 ക്യാംപുകളിലായി കഴിയുന്നത് 6759 പേരാണ്.
ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്ന് മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒൻപതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.