വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാരുടെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാരുടെ സംഘടന നേതാക്കളെ നേരിൽ കണ്ടാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച ആദ്യഘട്ട ചർച്ച നടത്തിയത്.
“വയനാടിന് ഒരു പാട് പണം ആവശ്യമുണ്ട്. നിങ്ങൾ സഹകരിക്കണം”. ഇന്ന് രാവിലെ ഭരണ പ്രതിപക്ഷ സർവീസ് സംഘടന നേതാക്കളെ പ്രത്യേകം പ്രത്യേകം മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.
ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ആയാണ് കണ്ടത്. ക്ഷാമബത്ത അടക്കമുള്ള കുടിശികകൾ ലഭിക്കാത്തത് മൂലം ജീവനക്കാർ നേരിടുന്ന വിഷമതകൾ നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ട മുഖ്യമന്ത്രി എത്ര ദിവസത്തെ ശമ്പളം നൽകാൻ സാധിക്കുമെന്ന് ചോദിച്ചു. ആലോചിച്ച് തീരുമാനം പറയാമെന്ന് നേതാക്കൾ അറിയിച്ചു.
പ്രളയം, കോവിഡ് കാലത്തെ പോലെ നിർബന്ധപൂർവമുള്ള സാലറി ചലഞ്ചിന് ഇത്തവണ സർക്കാർ തുനിയില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. പതിവ് പത്രസമ്മേളനത്തിൽ ജീവനക്കാരോട് വയനാടിന് വേണ്ടി പരമാവധി സഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കും.
പതിനഞ്ച് ദിവസത്തെ ശമ്പളമാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസം മുതൽ പത്ത് ദിവസം വരെയുള്ള ശമ്പളം എങ്കിലും ജീവനക്കാരിൽ നിന്ന് ലഭിക്കും എന്നാണ് ധനവകുപ്പിൻ്റെ പ്രതീക്ഷ.
Read also: