മുഖ്യൻ്റെ ചാണക കുഴിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയുടെ കക്കൂസ് കുഴിക്കും ചെലവഴിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി ഡോ.വി. വേണുവിൻ്റെ ഔദ്യോഗിക വസതിയിൽ മാലിന്യ ജല കുഴി നിർമ്മിക്കുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സ്മാനുഷം ബംഗ്ലാവ് ആണ് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതി.
കക്കൂസ് കുഴിക്ക് കഴിഞ്ഞ മാസം ടെണ്ടർ ക്ഷണിച്ചിരുന്നു. ജൂലൈ 6 നായിരുന്നു ടെണ്ടർ സമർപ്പിക്കേണ്ട അവസാനതീയതി. നിർമ്മാണ ചെലവ് 7.19 ലക്ഷം. ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ 4 ലക്ഷം കൊടുക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ കക്കൂസ് കുഴിക്ക് 7.19 ലക്ഷം ചെലവഴിക്കുന്നത് എന്നതാണ് വിരോധാഭാസം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചാണക കുഴിക്ക് 4.40 ലക്ഷം ചെലവഴിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് ഡോ. വേണു.
അടുത്തിടെ മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി വിദേശ സഹകരണ സെക്രട്ടറി പോസ്റ്റിലേക്ക് വാസുകിയെ വേണു നിയമിച്ചത് വിവാദമായിരുന്നു. യൂണിയൻ ലിസ്റ്റിൽ ഉള്ള വിദേശ സഹകരണത്തിൽ സംസ്ഥാനം ഇടപെട്ടത് കേന്ദ്രത്തെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്തിന് വിദേശ സഹകരണത്തിൽ ഇടപെടാൻ സാധിക്കുകയില്ലെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.വയനാട് ദുരന്തത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഓഫിസർമാർക്ക് വിലക്ക് ഏർപ്പെടുത്തിയതിൻ്റെ പിന്നിലെ ബുദ്ധി കേന്ദ്രവും ഡോ . വേണുവായിരുന്നു.
ശാസ്ത്രജ്ഞൻമാർ മുണ്ടക്കൈ സന്ദർശിച്ച് പഠനം നടത്തരുത് എന്ന സർക്കുലറും വേണുവിൻ്റെ മസ്തിഷ്കത്തിൽ ഉദിച്ചതായിരുന്നു. ഈ മാസം 31 ന് വിരമിക്കുന്ന ഡോ. വേണുവിന് മുഖ്യമന്ത്രി ഉന്നത പദവി നൽകുമെന്നാണ് വിവരം. അടുത്ത ചീഫ് സെക്രട്ടറി വേണുവിൻ്റെ ഭാര്യ ശാരദ മുരളിധരനാണ്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറി കസേരയിൽ നിന്ന് വിരമിച്ചാലും വേണുവിൻ്റെ താമസം സ്മാനുഷത്തിൽ ആയിരിക്കും.