KeralaNews

യു.ഡി.എഫ് എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും: വി.ഡി. സതീശൻ

പുനരധിവാസത്തിനൊപ്പം അത്യാധുനിക അപകടമുന്നറിയിപ്പ് സംവിധാനവും ഒരുക്കണം; കേരളം അപകടത്തിലാണെന്ന തിരിച്ചറിവിലാണ് കെ റെയിലിനെയും കോസ്റ്റല്‍ ഹൈവെയേയും പ്രതിപക്ഷം എതിര്‍ക്കുന്നത്

കൊച്ചി: യു.ഡി.എഫിലെ എല്ലാ എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരകളായി മാറിയ പാവങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹാനുള്ള പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫും പങ്കാളിയാകും. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ മുസ്ലീംലീഗും വലിയൊരു പുനരധിവാസ പ്രക്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരന്തത്തിന് ഇരകളായവര്‍ വീടുകളിലേക്ക് മടങ്ങപ്പോകുമ്പോള്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളുമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വീട് നിര്‍മ്മിച്ച് നല്‍കുന്നതിനൊപ്പം ഒരു ഫാമിലി പാക്കേജും ആവിഷ്‌ക്കരിക്കണം. വീടുകളിലേക്ക് മാറിയാല്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ എന്നു കൂടി പരിശോധിച്ച് എല്ലാവരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണം. പ്രഖ്യാപിച്ചത് കൂടാതെയുള്ള സഹായങ്ങള്‍ നല്‍കാനും യു.ഡി.എഫ് തയാറാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരധിവാസത്തിനൊപ്പം ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നതും ആലോചിക്കണം. ഈ ബഹളങ്ങളൊക്കെ കഴിയുമ്പോള്‍ എവിടെയോ ജീവിക്കുന്ന പാവങ്ങളുടെ തലയിലേക്ക് മണ്ണും കല്ലും ഉരുണ്ട് വീഴുന്ന അവസ്ഥയുണ്ടാകരുത്. 2021 -ല്‍ കേരളത്തിലെ പ്രതിപക്ഷം 191 രാജ്യങ്ങളുടെ ഐ.പി.സി.സി റിപ്പോര്‍ട്ടും അതു സംബന്ധിച്ചുള്ള നാസയുടെ കണ്ടെത്തലുകളും അടിയന്തിര പ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നിരുന്നു. മലയിടിച്ചിലിന് സാധ്യതയുള്ള പ്രോണ്‍ ഏരിയകള്‍ മാപ്പ് ചെയ്യണമെന്നും കാലാവസ്ഥാ വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങി മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിക്കണമെന്നും റെയിന്‍ ഗേജുകള്‍ സ്ഥാപിക്കാനും മണ്ണിന്റെ ഘടനപരിശോധിക്കാനുമുള്ള സംവിധാനം ഉണ്ടാക്കണമെന്നും അന്ന് ആവശ്യപ്പെട്ടതാണ്. അന്തര്‍ദേശീയ നിലവാരമുള്ള കൊച്ചിന്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ വകുപ്പിനെ കൂടി ഇക്കാര്യങ്ങളില്‍ സഹകരിപ്പിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും പരിശോധിക്കണം. പുനരധിവാസം നടക്കുന്നതിനൊപ്പം ലോകത്ത് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയുള്ള വാര്‍ണിംഗ് മെക്കാനിസം ഉണ്ടാക്കണം. ദുരന്തമുന്നറിയിപ്പ് ഉണ്ടായാല്‍ പ്രോണ്‍ ഏരിയകളില്‍ നിന്നും ജനങ്ങളെ എത്ര സമയം കൊണ്ട് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ പദ്ധതി വേണം. ദൗര്‍ഭാഗ്യവശാല്‍ 2016 ലെ ദുരന്ത നിവാരണ പ്ലാനാണ് ഇപ്പോഴും നമ്മുടെ കയ്യിലുള്ളത്. എട്ടു കൊല്ലത്തിനിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ രീതി തന്നെ ലോകത്താകെ മാറി. പക്ഷെ അതൊന്നും നമ്മള്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് പുനരധിവാസത്തിനൊപ്പം വാണിങ് മെക്കാനിസം നന്നാക്കാനുള്ള സംവിധാനം കൂടി സര്‍ക്കാര്‍ ഒരുക്കണം – പ്രതിപക്ഷ നേതാവ് കൊച്ചിയിൽ മാധ്യമങ്ങളോടായി പറഞ്ഞു.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന് ഒരു പ്ലാനുണ്ട്. കാലാവസ്ഥാ മാറ്റത്തെ സര്‍ക്കാര്‍ നിസാരമായി എടുക്കരുതെന്നും കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് പോളിസി ചേഞ്ച് ഉണ്ടാകണമെന്നും ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിലെ രണ്ടു പ്രസംഗങ്ങളില്‍ പോലും ആവശ്യപ്പെട്ടതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കെ റെയിലിനെ എതിര്‍ത്തത്. അതുകൊണ്ടാണ് ഇപ്പോള്‍ കോസ്റ്റല്‍ ഹൈവെയെയും എതിര്‍ക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഞങ്ങളുടെ പക്കലുള്ള പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാം. അത് വിദഗ്ധരുടെ സഹായത്തോടെ സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

പുഴ വെള്ളത്തിന്റെ നിറം മാറിയിട്ടുണ്ടെന്നും മുകളില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞത് 29-ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇതേത്തുടര്‍ന്ന് ജില്ലാ പഞ്ചായത്തും മേപ്പാടി പഞ്ചായത്തും കുറെ ആളുകളെ അവിടെ നിന്നും മാറ്റി. ഇത്തരം പ്രാചീനമായ അറിവുകളും ശാസ്ത്രീയമായ അറിവുകളും സംയോജിപ്പിച്ചുള്ള സംവിധാനമാണ് വേണ്ടത്. കേരളം അത്രയും അപകടത്തിലാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x