ബംഗ്ലാദേശില്‍ പോലീസുകാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

2024 ഓഗസ്റ്റ് 4 ന് ബംഗ്ലാദേശിലെ ധാക്കയിൽ അടുത്തിടെ നടന്ന രാജ്യവ്യാപകമായി നടന്ന മാരകമായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സർക്കാരിനുമെതിരെ നടത്തിയ റാലിയിൽ പ്രതിഷേധക്കാർ തീയിട്ട ഷോപ്പിംഗ് സെൻ്റർ കടന്ന് പുരുഷന്മാർ ഓടുന്നു. ഫോട്ടോ കടപ്പാട്: എ.പി

ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരും ഭരണകക്ഷി അനുഭാവികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 14 പോലീസുകാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർമേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പുനരരംഭിച്ചതോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.

വിവേചനത്തിനെതിരെ വിദ്യാർത്ഥികള്‍ എന്ന ബാനറിൽ സർക്കാരിൻ്റെ രാജി എന്ന ആവശ്യവുമായി നടന്ന നിസ്സഹകരണ പരിപാടിയിൽ ഇന്ന് രാവിലെ പങ്കെടുത്ത പ്രതിഷേധക്കാർക്കുനേരെ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവർത്തകരിൽ നിന്ന് എതിർപ്പ് നേരിട്ടതോടെയാണ് സംഘർഷമുണ്ടായത്.

രാജ്യത്തുടനീളം ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലുകളിൽ ഇതുവരെ 72 പേർ കൊല്ലപ്പെട്ടതായി പ്രമുഖ ബംഗാളി ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. പോലീസ് ആസ്ഥാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇവരിൽ 13 പേർ സിറാജ്ഗഞ്ചിലെ എനായത്പൂർ പോലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ടു. കോമില്ലയിലെ എലിയോട്ട്ഗഞ്ചിൽ ഒരാൾ കൊല്ലപ്പെട്ടതായി പത്രം പറയുന്നു.

അക്രമം രൂക്ഷമായതോടെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, മെസഞ്ചർ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുകയാണ്. 4ജി മൊബൈൽ ഇൻ്റർനെറ്റ് സർവീസും നിർത്തിവെച്ചു.

അതിനിടെ, ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണം.

ആഴ്ചകൾ മുമ്പ്, സർക്കാർ സർവീസിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150-ലധികം പേർ കൊല്ലപ്പെടുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments