ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിവട്ടം എന്നിവിടങ്ങളില്‍ പരിശോധന അഞ്ചാം ദിനവും ആരംഭിച്ചു. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
സർക്കാർ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള സാങ്കേതിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്.
ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂര്‍ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു.