തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പോട്ടിയ മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ചെറുമകന്റെ സംഭാവനയും. പിണറായി വിജയന്റെ മകള്‍ ടി വീണയുടെ മകൻ ഇഷാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപയാണ് സംഭാവന നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇഷാൻ പണം കൈമാറിയത്. തിരുവനന്തപുരം സർവോദയ സെൻട്രല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. വിഷുക്കൈനീട്ടമായിട്ടടക്കം കിട്ടിയ പണമാണ് സിഎംഡിആർഎഫിലേക്ക് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ 1 ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.
കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്‌നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്ന് എം വി ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്‍കുമെന്ന് അറിയിച്ചു.