തിരുവനന്തപുരം: പ്രകൃതി ഭീകരതാണ്ഡവമാടിയ മുണ്ടക്കൈയെയും ചൂരല്‍മലയെയും കൈപിടിച്ചുയർത്താനുള്ള വഴികള്‍ ആലോചിച്ച് തുടങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സർക്കാരിന് വലിയൊരു തുക തന്നെ ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏതൊക്കെ മാർഗ്ഗത്തിലൂടെ പണം കണ്ടെത്താനാകുമെന്ന ചിന്തയിലാണ് ധനവകുപ്പ്.
അതിലേക്ക്, സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം കൂടി അഭ്യർത്ഥിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. ഇനിയുമൊരു സാലറി ചാലഞ്ചുമായി ജീവനക്കാരിലേക്കും പ്രവാസികളിലേക്കും ഇറങ്ങാനുള്ള സാധ്യതയും സർക്കാർ തേടുന്നുണ്ട്. വയനാട് ദുരന്തത്തിൻ്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഫണ്ട് സമാഹരിക്കാനാണ് സാലറി ചലഞ്ച് ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.
പുനരധിവാസവും മറ്റുമായി ബന്ധപ്പെട്ട് എത്ര തുക വേണ്ടി വരും എന്ന് സർക്കാർ കണക്കെടുക്കും. വയനാട്ടിനു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രളയം, കോവിഡ് കാലങ്ങളിൽ സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഏർപ്പെടുത്തിയിരുന്നു.
ഒരു മാസത്തെ ശമ്പളമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5 തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് ആലോചന. താഴ്ന്ന വിഭാഗം ജീവനക്കാർക്ക് സാലറി ചലഞ്ച് നിർബന്ധമല്ല. ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി നൽകും. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
എംഎൽഎമാരോടും എം.പിമാരോടും ഒരു മാസത്തെ ശമ്പളം നൽകണമെന്നും ആവശ്യപ്പെടും. സർക്കാർ ജീവനക്കാരെ കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സാലറി ചലഞ്ച് ഏർപ്പെടുത്തും. പെൻഷൻകാരോടും ഒരു മാസത്തെ പെൻഷൻ നൽകാൻ മുഖ്യമന്ത്രി അഭ്യർത്ഥിക്കും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിശദമായ പദ്ധതി തയ്യാറാക്കുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.
[…] […]