17.83 ലക്ഷം രൂപ നഷ്ടപരിഹാരം: ഹരിശ്രീ അശോകന് അനുകൂലമായി കോടതി വിധി; നിലവാരമില്ലാത്ത ടൈല്‍സ് വിറ്റ് കബളിപ്പിച്ചെന്ന്

കൊച്ചി: സിനിമാതാരം ഹരിശ്രീ അശോകന് അനുകൂലമായി വിധി പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. അശോകന്റെ ‘പഞ്ചാബി ഹൗസ്’ എന്ന വീടിന്റ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. വീടിന്റെ ആവശ്യത്തിനായി എറണാകുളത്തെ ടൈല്‍സ് സെന്ററില്‍ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്‌ളോര്‍ ടൈല്‍സ് വാങ്ങുകയും തറയില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോശമായി ടൈല്‍സ് പതിപ്പിച്ചതിനും കൃത്യമാസ സര്‍വീസ് നല്‍കാത്തതിനുമാണ് ഇത്രയും തുക നിഷ്ടപരിഹാരമായി ഈടാക്കുന്നത്.

ഹരിശ്രീ അശോകന് ടൈല്‍സ് വിറ്റ സ്ഥാപനം, ടൈല്‍സ് ഇറക്കുമതി ചെയ്ത കമ്പനി, ടൈല്‍സ് ഹരിശ്രീ അശോകന്റെ വീട്ടില്‍ പതിപ്പിച്ച കരാര്‍ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. ഇതില്‍ ടൈല്‍സ് പതിപ്പിച്ച കരാര്‍ സ്ഥാപനം മാത്രം 1658641 രൂപ നല്‍കണം. എതിര്‍കക്ഷികള്‍ എല്ലാവരും കൂടി ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ടൈലുകള്‍ പതിപ്പിക്കുന്ന ജോലികള്‍ സ്ഥാപനത്തെ ഏല്‍പ്പിച്ചത് ഒരു ലക്ഷം രൂപയ്ക്കാണ്. മറ്റ് രണ്ടു സ്ഥാപനങ്ങളുടേയും ശുപാര്‍ശ പ്രകാരമാണ് കരാര്‍ ഏല്‍പ്പിച്ചത്. രാജ്യാന്തര നിലവാരമുള്ള ടൈലുകള്‍ ആണെന്ന് ബോധ്യപ്പെടുത്തിയാണ് കടയുടമകള്‍ അശോകനെ കൊണ്ട് ഇത് വാങ്ങിപ്പിച്ചതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

വീടിന്റെ പണി പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങി. വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് വരാന്‍ ആരംഭിച്ചു. ടൈല്‍ പതിപ്പിച്ച സ്ഥാപനത്തെ അശോകന്‍ ഇക്കാര്യം അറിയിച്ചെങ്കിലും നിര്‍മാണത്തിലെ തകരാറും ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് വ്യക്തമാക്കി അവര്‍ കൈകഴുകി. തുടര്‍ന്ന് ടൈലുകള്‍ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവര്‍ ഉറപ്പുകള്‍ നല്‍കിയതല്ലാതെ ടൈലുകള്‍ മാറ്റിക്കൊടുത്തില്ല. തുടര്‍ന്ന് അശോകന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഉല്‍പ്പന്നം വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്‍പ്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളില്ലെന്നും എതിര്‍കക്ഷികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ധാര്‍മികമല്ലാത്ത വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേര്‍ചിത്രമാണ് എതിര്‍കക്ഷികള്‍ കാണിച്ചതെന്നു ഡി.ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments