
ന്യൂ ഡല്‍ഹി: അതിർത്തി രക്ഷാ സേനയുടെ (BSF) ഡയറക്ടർ ജനറല്‍ (DG) നിതിൻ അഗർവാളിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി സ്‌പെഷ്യൽ ഡിജി (വെസ്റ്റ്) വൈ.ബി ഖുറാനിയയെയും കേന്ദ്രം നീക്കി, അവരെ അതത് സംസ്ഥാന കേഡറുകളിലേക്ക് അടിയന്തര പ്രാബല്യത്തോടെ തിരിച്ചയച്ചു.
നിതിൻ അഗർവാളിനെ കേരളത്തിലേക്കും, വൈ.ബി. ഖുറാനിയെ ഒഡീഷ കേഡറിലേക്കുമാണ് അടിയന്തരമായി തിരിച്ചയച്ചത്. ബിഎസ്എഫിന്റെ ഡയറക്ടർ ജനറല്‍ പദവിയില്‍ നിന്ന് ഒരുദ്യോഗസ്ഥനെ തിരിച്ച് സ്വന്തം കേഡറിലേക്ക് തിരച്ചയക്കാനുള്ള നീക്കം ആസാധാരണമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേർന്ന അടിയന്തര ക്യാബിനറ്റ് കമ്മിറ്റിയിലാണ് തീരുമാനം. രണ്ടുവർഷം കൂടി തല്‍സ്ഥാനത്ത് തുടരാനുള്ള യോഗ്യതയുള്ള ഉദ്യോഗസ്ഥനാണ് നിതിൻ അഗർവാള്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശയിലാണ് ബിഎസ്എഫ് മേധാവിയുടെ സ്ഥാനചലനം. നിതിൻ അഗർവാളിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ ഇതിനെക്കുറിച്ചുള്ള കാരണം വ്യക്തമാക്കുന്നില്ലെങ്കിലും ജമ്മു കശ്മീരില്‍ വർദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന വിലയിരുത്തലാണ് നയതന്ത്ര വിദഗ്ധരില്‍ നിന്നുണ്ടാകുന്നത്.

ബിഎസ്എഫിന്റെ സ്പെഷ്യല്‍ ഡയറക്ടർ ജനറല്‍ വൈ.വി. ഖുറാനിയയെ ഒഡീഷ കേഡറിലേക്ക് തിരിച്ചയാക്കാനുള്ള ഉത്തരവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
അഗർവാൾ 1989 ബാച്ച് കേരള കേഡർ ഓഫീസറാണ്, ഖുറാനിയ ഒഡീഷ കേഡറിലെ 1990 ബാച്ചിൽ പെട്ടയാളാണ്. കഴിഞ്ഞ വർഷം ജൂണിലാണ് അഗർവാൾ അതിർത്തി രക്ഷാസേനാ മേധാവിയായി ചുമതലയേറ്റത്. പ്രത്യേക ഡിജി (പടിഞ്ഞാറ്) എന്ന നിലയിൽ ഖുറാനിയ പാകിസ്ഥാൻ അതിർത്തിയിൽ സേനയുടെ രൂപീകരണത്തിന് നേതൃത്വം നൽകി.

ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി (എസിസി) പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകൾ അവരെ ഉടനടി തിരിച്ചയക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. 2.65 ലക്ഷത്തോളം വരുന്ന ബിഎസ്എഫ് സൈനികരാണ് രാജ്യത്തിന്റെ പടിഞ്ഞാറ് പാകിസ്ഥാനും കിഴക്ക് ബംഗ്ലാദേശുമായുള്ള ഇന്ത്യൻ അതിർത്തികൾ കാക്കുന്നത്.