International

ശീതികരിച്ച ഭ്രൂണങ്ങളും കുഞ്ഞുങ്ങൾ; നശിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് അലബാമ സുപ്രീംകോടതി

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ഉത്തരവാദികളായിരിക്കുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി. വിധിയുടെ പശ്ചാത്തലത്തിൽ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇൻ വിട്രൊ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) സേവനങ്ങൾ നിർത്തലാക്കി. ക്രിമിനൽ നടപടിക്ക് വിധേയരായേക്കാമെന്ന സാധ്യത മുൻനിർത്തിയാണ് തീരുമാനം.

അതേസമയം, സ്ത്രീകളുടെ അണ്ഡാശയങ്ങളിൽനിന്ന് അണ്ഡകോശങ്ങൾ സ്വീകരിക്കുന്നത് തുടരുമെന്നും ഐവിഎഫ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും ബിർമിങ്ഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമ അറിയിച്ചു.

ഐവിഎഫിലുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് വിധിയെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പക്ഷേ, ഐവിഎഫ് പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ ഡോക്ടർമാരും ഐവിഎഫിന് വിധേയരാകുന്നവരും ക്രിമിനൽ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രത്യുത്പാദന ചികിത്സയ്ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങൾ വിധി മൂലമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ വിധിയെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. ഏറ്റവും ചെറിയ ഭ്രൂണത്തിന് പോലും നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നാണ് ഇവരുടെ വാദം.

കേസിന്റെ തുടക്കം

2020ൽ ഫെർട്ടിലിറ്റി ക്ലിനിക്കിൽ തങ്ങളുടെ ഭ്രൂണങ്ങൾ നഷ്ടമായെന്ന മൂന്ന് ദമ്പതികളുടെ ആരോപണത്തെ തുടർന്നാണ് കേസിന്റെ തുടക്കം.

ഒരു രോഗി ഭ്രൂണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കടക്കുകയും അവ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധവശാൽ താഴെ വീഴുകയുമായിരുന്നു. ഇതോടെ ഭ്രൂണങ്ങൾ നശിക്കപ്പെട്ടു.

പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ അസ്വഭാവിക മരണം സംബന്ധിച്ച നിയമപ്രകാരമാണ് സെന്റർ ഫോർ റിപ്രൊഡക്ടീവ് മെഡിസിൻ, മൊബൈൽ ഇൻഫേമറി അസോസിയേഷൻ എന്നിവയ്‌ക്കെതിരെ കേസെടുക്കാൻ ദമ്പതികൾ ആവശ്യപ്പെട്ടത്. നിയമത്തിൽ ഭ്രൂണങ്ങൾക്ക് പരിരക്ഷയുണ്ടെങ്കിലും ഐവിഎഫ് മുഖേനയുള്ള ഭ്രൂണങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ല. ദമ്പതികളുടെ ആവശ്യം കീഴ്‌ക്കോടതി തള്ളിയിരുന്നെങ്കിലും സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *