ഉരുള്‍പൊട്ടലില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര. രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു.
കേരള സര്‍ക്കാര്‍ എന്തുചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സര്‍ക്കാര്‍ കേരളജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, വയനാട്ടില്‍ ആശങ്കയുയര്‍ത്തി മരണസംഖ്യയും ഉയരുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ വിവരം. 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 144 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
225 പേരെ കാണാതായെന്നു റവന്യൂവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. 89 പേരെ തിരിച്ചറിഞ്ഞു. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തി.
ചാലിയാര്‍ പുഴയില്‍ ഇന്ന് കണ്ടെത്തിയത് 19 മൃതദേഹങ്ങള്‍. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും നീക്കി തിരച്ചില്‍ ദുഷ്കരമാക്കുകയാണു.
മുണ്ടക്കൈയില്‍ ആകെയുള്ള അഞ്ഞൂറോളം കെട്ടിടങ്ങളില്‍ 375 വീടുകളുണ്ടെന്നും അതില്‍ താമസക്കാരുള്ള 150ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്നും മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദലി . കൃത്യമായ കണക്കുകളെടുത്ത് വരുമ്പോള്‍ കാണാതായവരുടെ എണ്ണം ഇപ്പോള്‍ പുറത്തുവരുന്നതിനേക്കാളും കൂടുതലാകുമെന്ന ആശങ്കയുണ്ട്.