വയനാട് ഉരുൾപൊട്ടൽ മരണസംഖ്യ 120 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 120 ആയി. ഇനിയും നിരവധിയാളുകളെ കണ്ടെത്താൻ ഉണ്ട്. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്.

ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് കരുതുന്നത്.

പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ‌ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments