വയനാട് ഉരുള്‍പൊട്ടലില്‍ മരണം 24; മരിച്ചവരില്‍ കുട്ടികളും; 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 24 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ആറുപേരുടെ മൃതദേഹം അട്ടമലയിൽ നിന്നും, 10 പേരുടേത് പോത്തുകല്ലിൽ നിന്നും, 8 പേരുടെ മൃതദേഹം ചൂരൽ മലയിൽ നിന്നും കിട്ടിയതായാണ് അറിയുന്നത്.

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്.

ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയില്‍ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി. മുണ്ടക്കൈയില്‍ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസണ്‍സ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments