എറണാകുളം: മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥന ഹാള്‍ വിവാദത്തിന് അവസാനമായി. സംഭവത്തില്‍ കുട്ടികള്‍ക്ക് തെറ്റുപറ്റിയതായും ഖേദപ്രകടനം നടത്തുന്നതായും മഹല്ല് കമ്മിറ്റി. പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും കോളേജ് പ്രിൻസിപ്പല്‍ വ്യക്തമാക്കി. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളേജ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്.
പ്രാര്‍ഥന ഹാള്‍ വിവാദത്തില്‍ തെറ്റായ പ്രചാരണത്തിലൂടെ അനാവശ്യ സ്പര്‍ധ സൃഷ്ടിക്കാന്‍ ഇടവരുത്തരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ കടപ്പെട്ടവരാണ് തങ്ങളെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. ‘കോളജില്‍ പ്രാര്‍ഥനയ്ക്കായി ഒരു മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മതവിഭാഗക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. കോളജ് ഇത് പരിശോധിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന തീരുമാനമാണ് കോളജ് എടുത്തത്. നിര്‍മല കോളജ് പുലര്‍ത്തി വരുന്ന മതേതര നിലപാട് തുടര്‍ന്ന് പോകുമെന്ന് സമൂഹത്തെ അറിയിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റ് പ്രതിനിധി പി എസ് ലത്തീഫ് പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ വിശ്രമ മുറിയില്‍ നിസ്കരിക്കാന്‍ അനുവദിക്കാത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് സിറോമലബാര്‍ സഭയും ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിരുന്നു.