News

കുടിച്ചത് മദ്യമാണോ എന്ന് ‘തെളിവില്ല’; കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

തലശ്ശേരി: പോലീസ് കാവലിൽ തടവുകാർ പരസ്യമായി മദ്യപിച്ച സംഭവത്തിൽ പോലീസിന്റെ വിചിത്ര വാദം. കൊടി സുനിയും സംഘവും കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ നേരിട്ടുള്ള തെളിവുകളില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് തലശ്ശേരി പോലീസിന്റെ നിലപാട്. അതേസമയം, സംഭവത്തിൽ സുരക്ഷയൊരുക്കിയ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പ്രതിക്ക് സംരക്ഷണം, പോലീസിന് നടപടി

ജൂൺ 17-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ദൃശ്യങ്ങളിൽ, കൊടി സുനിയും സംഘവും ഗ്ലാസുകളിൽ മദ്യം ഒഴിച്ച് കുടിക്കുന്നതും തൊട്ടുകൂട്ടാൻ പലഹാരങ്ങൾ കഴിക്കുന്നതും വ്യക്തമാണ്. ഇവർക്ക് പോലീസുകാർ സുരക്ഷയൊരുക്കി കാവൽ നിൽക്കുന്നതും കാണാം. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും, മദ്യപിച്ച തടവുകാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.

കഴിച്ചത് മദ്യമാണെന്ന് ഉറപ്പില്ലാത്തതിനാൽ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വാദം. എന്നാൽ, കൊടി സുനിയെ പോലുള്ള ഒരു പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്. കേസെടുത്താൽ അത് സുനിയുടെ പരോളിനെ ബാധിക്കുമെന്നതിനാലാണ് ഈ ഒത്തുകളിയെന്നും വിമർശകർ പറയുന്നു.

സംഭവം നടന്ന് ദിവസങ്ങൾക്കകം കൊടി സുനിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചതും വിവാദങ്ങൾക്ക് ആക്കം കൂട്ടി. വിഷയത്തിൽ ഡിജിപി ഇടപെട്ടിട്ടുണ്ടെന്നും, ജില്ലാ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്.