
മികച്ച തുടക്കം മുതലാക്കാൻ ആകാതെ ഗുജറാത്ത്; ലക്‌നൗവിന് 181 റണ്‍സ് വിജയലക്ഷ്യം IPL 2025
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗവിന് 181 റൺസുകളുടെ വിജയലക്ഷ്യം നൽകി ഗുജറാത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ക്യാപ്റ്റൻ ശുബ്മാൻ ഗില്ലും, സായി സുദർശനും ചേർന്ന് നൽകിയത്. ഇരുവരും അർധ സെഞ്ച്വറി നേടി. 12.1 ഓവർവരെ ക്രീസിൽ തുടർന്ന ഈ സഖ്യം 120 റൺസുകൾ നേടിയാണ് പിരിഞ്ഞത്. തുടർന്ന് വന്ന ബാറ്റർമാർക്ക് ഈ അവസരം മുതലാക്കാൻ സാധിച്ചില്ല. ശേഷമുള്ള 7.5 ഓവറുകളിൽ വെറും 60 റൺസുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
38 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ ശുബ്മാൻ ഗിൽ 60 റൺസുകൾ നേടിയപ്പോൾ 37 പന്തുകൾ നേരിട്ട മറ്റൊരു ഓപണർ സായി സുദർശൻ 56 റൺസുകൾ നേടിയത് 7 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു. ജോസ് ബട്‌ലർ 16 റൺസുകളും, ഷെർഫെയിൻ റുതർഫോർട് 22 റൺസുകളും സംഭാവന നൽകി.

ലക്‌നൗ ബോളിങ് നിരയിൽ ഷാർദുൽ ടാക്കൂർ, രവി ബിഷ്‌ണോയി എന്നിവർ രണ്ടുവിക്കറ്റ് വീതവും ഡിഗ്വേഷ് രതി, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി. ലക്‌നൗവിന് കുറഞ്ഞ ഓവർനിരക്കിന്റെ പണിഷ്‌മെന്റായി അവസാന ഓവറിൽ ബൗണ്ടറിയിൽ നാല് കളിക്കാരെ മാത്രമേ അനുവദിച്ചുള്ളൂ. ഇ മത്സരത്തിലും ബിസിസിഐ പന്തിനും കൂട്ടർക്കും പിഴ ചുമത്താൻ സാധ്യതയുണ്ട്. ആദ്യപകുതി കഴിയുമ്പോള്‍ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയസാധ്യത 53.01 ശതമാനമാണ്.