കുടിശിക എവിടെ, ഉത്തരവ് എവിടെ!! മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം കഴിഞ്ഞിട്ട് രണ്ടാഴ്ച

ക്ഷാമബത്തയിലും ക്ഷാമ ആശ്വാസത്തിലും ശമ്പള പരിഷ്കരണ കുടിശികയിലും അനക്കമില്ല; ഫയൽ ധനവകുപ്പിൽ ഉറക്കത്തിൽ

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശികകൾ അനുവദിക്കാൻ വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖയായി മാറുന്നു.

ജൂലൈ 10 ന് നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ കുടിശികകൾ അനുവദിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസ്താവന പുറപ്പെടുവിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് പുറപ്പെടുവിക്കേണ്ട ധനവകുപ്പിൽ ഇതു സംബന്ധിച്ച യാതൊരു നീക്കവും നടന്നിട്ടില്ല.

ക്ഷാമബത്തയും ക്ഷാമ ആശ്വാസവും സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ധന (പി.ആർ.യു ) വകുപ്പാണ്. ശമ്പള പരിഷ്കരണ കുടിശിക സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ധന ( എ.ആർ.സി ) വകുപ്പാണ്. പ്രസ്തുത ഫയലുകൾ ഈ രണ്ട് വകുപ്പുകളിലും ഉറക്കത്തിലാണ്.

മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്തുത ഫയലുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നും ഇല്ല. 7 ഗഡു ക്ഷാമ ബത്ത/ ക്ഷാമ ആശ്വാസമാണ് നിലവിൽ കുടിശിക. 22 ശതമാനം ക്ഷാമബത്തയാണ് ലഭിക്കാനുള്ളത്. ശമ്പള പരിഷ്കരണ കുടിശിക നിലവിൽ 4 ഗഡുക്കൾ കുടിശികയാണ്. ആദ്യ രണ്ട് ഗഡുകൾ അനന്തമായി മരവിപ്പിച്ചു.

മൂന്നാം ഗഡു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞ് തീരുമാനിക്കാം എന്ന് ബാലഗോപാൽ നിലപാട് എടുത്തു. പെരുമാറ്റ ചട്ടം കഴിഞ്ഞിട്ടും മൂന്നാം ഗഡുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല. ആദ്യ രണ്ട് ഗഡു കൊടുക്കാതെ മൂന്നാം ഗഡു എങ്ങനെ കൊടുക്കും എന്ന ചോദ്യം ബാക്കി.

പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു ഈ സാമ്പത്തിക വർഷം കൊടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. 600 കോടി രൂപയാണ് ഇതിന് വേണ്ടത്.കുടിശികകൾ സംബന്ധിച്ച തീരുമാനം വൈകുന്നതിൽ ജീവനക്കാരും പെൻഷൻകാരും അസ്വസ്ഥരാണ്.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments