3.72 ലക്ഷത്തിന് ടെണ്ടർ ക്ഷണിച്ച ചാണക കുഴിക്ക് പണി പൂർത്തിയായപ്പോൾ 4.40 ലക്ഷം ചെലവായെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ ചാണക കുഴി നിർമ്മാണം പൂർത്തിയായപ്പോൾ 4.40 ലക്ഷം രൂപ ചെലവായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചാണക കുഴി നിർമ്മിക്കാൻ 2023 ജനുവരി 16 നായിരുന്നു ടെണ്ടർ ക്ഷണിച്ചത്.
3.72 ലക്ഷത്തിനാണ് ടെണ്ടർ ക്ഷണിച്ചത്. ജി.എസ് സുരേഷ് കുമാർ എന്ന കോൺട്രാക്റ്റർ ആയിരുന്നു ചാണക കുഴി നിർമ്മിച്ചത്. എന്നാൽ പണി പൂർത്തിയായപ്പോൾ ടെണ്ടർ തുകയേക്കാൾ 68000 രൂപ കൂടുതൽ ചെലവായി എന്ന് ഈ മാസം 11 ന് മുഹമ്മദ് റിയാസ് നിയമസഭയിൽ നൽകിയ മറുപടിയിൽ നിന്ന് വ്യക്തം.
ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയേക്കാൾ ( 4 ലക്ഷം) കൂടുതലായി മുഖ്യമന്ത്രിയുടെ ചാണക കുഴിക്ക്. 1,80,81,000 രൂപ ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ സർക്കാരിൻ്റെ കാലത്ത് അതായത് 2021 മെയ് മുതൽ ചെലവായെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
14 നിർമ്മാണ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ക്ലിഫ് ഹൗസിൽ നടന്നത്. ചാണക കുഴിക്ക് പുറമെ ലിഫ്റ്റ് ,കാലിതൊഴുത്ത് , കക്കൂസ്, കുളിമുറി നവീകരണം, അടുക്കളയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, വിശ്രമമുറിയുടെ നവീകരണം, പെയിൻ്റിംഗ്, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് മരാമത്ത് വകുപ്പ് മുഖേന നടന്നത്.
പെയിൻ്റിംഗിന് മാത്രം 12 ലക്ഷം ചെലവായി. ടൂറിസം വകുപ്പിൻ്റെ കീഴിലാണ് ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രി മന്ദിരങ്ങൾ. മരാമത്ത് വകുപ്പിന് പുറമേ ഏകദേശം 2 കോടിയുടെ പ്രവൃത്തികൾ ക്ലിഫ് ഹൗസിൽ ടൂറിസം വകുപ്പും നടത്തി. ക്ലിഫ് ഹൗസിലെ നീന്തൽകുളം, പൂന്തോട്ടം, വെള്ളം, വൈദ്യുതി മുതലായവയുടെ ചുമതല ടൂറിസം വകുപ്പിനാണ്.