
ബാങ്കിംഗ്, ഇൻഷുറൻസ് മേഖല സ്തംഭിക്കും; കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജൂലൈ 9-ന് സംയുക്ത പണിമുടക്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകൾ ജൂലൈ 9-ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഈ മേഖലകളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കും. 15 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളാകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ സംഘടനകളായ AIBEA, AIBOA, BEFI, ഇൻഷുറൻസ് ജീവനക്കാരുടെ സംഘടനയായ AIIEA എന്നിവയുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
പ്രധാന ആവശ്യങ്ങൾ
- പുതിയ ലേബർ കോഡുകൾ പിൻവലിക്കുക.
- ബാങ്കുകളുടെയും എൽഐസിയുടെയും സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും നിർത്തുക.
- പുതിയ പെൻഷൻ പദ്ധതി (NPS) റദ്ദാക്കി, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക.
- കോർപ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ നടപടിയെടുക്കുക.
- വിലക്കയറ്റം നിയന്ത്രിക്കുക.
- സ്കീം വർക്കർമാർക്ക് പ്രതിമാസം കുറഞ്ഞത് 26,000 രൂപ വേതനവും, 9,000 രൂപ പെൻഷനും ഉറപ്പാക്കുക.
- ഇൻഷുറൻസ് മേഖലയിലെ 100% വിദേശ നിക്ഷേപം എന്ന തീരുമാനം പിൻവലിക്കുക.
കർഷകർ, കർഷകത്തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കുചേരും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ, 2025 മെയ് 20-ന് നടത്താനിരുന്ന പണിമുടക്ക്, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.