
ശമ്പളം പിടിക്കും! ജീവാനന്ദം സെപ്റ്റംബർ മുതൽ; പദ്ധതി പഠിക്കുന്ന ഏജൻസിക്ക് പണം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ജീവാനന്ദവുമായി സർക്കാർ മുന്നോട്ട്. ജീവാനന്ദം പദ്ധതി നടപ്പിലാക്കാൻ നിയോഗിച്ച “ആങ്ചറി”ക്ക് കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചു.
റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്നാണ് ബാലഗോപാലിൻ്റെ ആവശ്യം. ആഗസ്ത് മാസം റിപ്പോർട്ട് സമർപ്പിക്കും. സെപ്റ്റംബർ മുതൽ ജീവാനന്ദം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ശമ്പള വിഹിതം പിടിച്ച് നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയെ പ്രതിപക്ഷ സർവീസ് സംഘടനകൾ എതിർത്തിരുന്നു.
ജീവാനന്ദം അല്ല ഇത് ക്രൂരാനന്ദം എന്നായിരുന്നു സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ പ്രതികരണം. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിർബന്ധിത നീക്കം അനുവദിക്കില്ലെന്ന് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയതോടെ സർക്കാർ വെട്ടിലായി.ഇതിനെ തുടർന്ന് ജീവാനന്ദം നിർബന്ധമല്ലെന്നും താൽപര്യമുള്ളവർ മാത്രം പദ്ധതിയിൽ ചേർന്നാൽ മതിയെന്നും ബാലഗോപാൽ യു ടേൺ എടുത്തു.
ബാലഗോപാലിൻ്റെ യു ടേൺ മുഖ്യമന്ത്രി പിടിച്ചില്ല. താൽപര്യ മുള്ളവർ ചേർന്നാൽ മതിയെങ്കിൽ ആരെങ്കിലും ചേരുമോയെന്നായി മുഖ്യമന്ത്രി. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിൻ്റെ കീഴിലാണ് ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത്. പെൻഷൻ ആകുമ്പോൾ നിശ്ചിത തുക പ്രതിമാസം പെൻഷന് പുറമേ ലഭിക്കുന്ന പദ്ധതിയാണ് ജീവാനന്ദം എന്നാണ് സർക്കാർ ക്യാപ്സൂൾ.
ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആയതോടെ 22 ശതമാനം ക്ഷാമബത്തയാണ് ഓരോ മാസവും ജീവനക്കാർക്ക് ശമ്പള ഇനത്തിൽ നഷ്ടപ്പെടുന്നത്. അതിനിടയിൽ ആണ് 10 മുതൽ 20 ശതമാനം വരെ ശമ്പളത്തിൽ നിന്ന് പിടിക്കാനുള്ള ജീവാനന്ദം പദ്ധതിയുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. ജീവനക്കാരുടെ പ്രതിഷേധം അവഗണിച്ചും ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നീക്കം.