എം.ബി രാജേഷിന് മുഖ്യമന്ത്രിയുടെ ശാസന! പത്രസമ്മേളനം റദ്ദാക്കി; തദ്ദേശ ഭരണത്തില്‍ പിണറായിയുടെ ക്ഷോഭം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യപ്രശ്നവും നായ ശല്യം തടയുന്നതുമായും ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാർത്തകളെക്കുറിച്ച് വിശദീകരിക്കാൻ പത്രസമ്മേളനം വിളിച്ച എം.ബി രാജേഷിൻ്റെ നടപടിയാണ് പിണറായിയുടെ കോപം ക്ഷണിച്ചു വരുത്തിയത്. നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ കുറ്റപ്പെടുത്താനായിരുന്നു മന്ത്രിയുടെ നീക്കം. പക്ഷേ, ഇക്കാര്യം മുഖ്യമന്ത്രിയോട് ആലോചിക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുത്തതാണ് എം.ബി. രാജേഷിന് വിനയായത്. “മാധ്യമങ്ങളെ കാണാൻ സഖാവ് കൂടിയാലോചന നടത്തിയോ” എന്നായിരുന്നു മന്ത്രിയോടുള്ള പിണറായിയുടെ ചോദ്യം. ഇതോടെ, എം.ബി രാജേഷ് പത്ര സമ്മേളനം റദ്ദാക്കി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച നടത്താനിരുന്ന പത്രസമ്മേളനമാണ് മന്ത്രിയുടെ ഓഫീസ് റദ്ദാക്കിയത്. ഇതിന് പിന്നാലെ മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

മാലിന്യ പ്രശ്നം രാജേഷ് കുളമാക്കിയെന്ന ആക്ഷേപത്തിന് പിന്നാലെയുള്ള മന്ത്രിയുടെ നടപടികളാണ് പിണറായിയെ ചൊടിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ ആണ് സർവ്വകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറായതും. ആമയിഴഞ്ചാൻ തോടിലെ മാലിന്യത്തിൽപ്പെട്ട് ജോയി എന്ന തൊഴിലാളിയുടെ മരണം കൈകാര്യം ചെയ്തതിൽ മേയറെ പോലെ മന്ത്രി രാജേഷിനും വീഴ്ച പറ്റി എന്നാണ് പിണറായിക്ക് ലഭിച്ച റിപ്പോർട്ട്.

മാലിന്യം കൈകാര്യം ചെയ്യേണ്ടേത് തദ്ദേശ സ്ഥാപനങ്ങൾ ആണെന്നിരിക്കെ റയിൽവേയുടെ തലയിൽ കുറ്റം ചാർത്തി രക്ഷപ്പെടാനായിരുന്നു മേയറുടെയും മന്ത്രിയുടെയും ശ്രമം. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. തദ്ദേശം ഇങ്ങനെയാണ് രാജേഷ് കൈകാര്യം ചെയ്യുന്നതെങ്കിൽ 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻതോൽവി നേരിടും. ലോകസഭയിലെ എൽ.ഡി.എഫിൻ്റെ ദയനീയ തോൽവിക്ക് പിന്നിൽ ബാലഗോപാലിൻ്റെ ധനവകുപ്പ് ഭരണം നൽകിയ സംഭാവന വലുതായിരുന്നു.

ധനമന്ത്രി കസേരയിൽ ബാലഗോപാലിനെ ഇരുത്തി ധനഭരണം തൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെ ഏൽപിച്ചിരിക്കുകയാണ് പിണറായി. കുടിശികകൾ സംബന്ധിച്ച ചട്ടം 300 നിയമസഭയിൽ അവതരിപ്പിച്ചതും മുഖ്യമന്ത്രിയായിരുന്നു. തുടർന്ന് മന്ത്രിസഭ യോഗത്തിൽ പണം കണ്ടെത്താൻ പദ്ധതി വെട്ടിച്ചുരുക്കാനുള്ള ഫയലും മുഖ്യമന്ത്രി അവതരിപ്പിച്ചു. എബ്രഹാം മുഖ്യമന്ത്രി വഴി ഭരണം തുടങ്ങിയതോടെ പേരിനൊരു ധനമന്ത്രിയായി ബാലഗോപാൽ.

മാലിന്യ വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി തുറന്ന കത്തെഴുതി പോരാടാൻ എം.ബി രാജേഷ് ഇറങ്ങിയതും പിണറായിയെ പ്രകോപിപ്പിച്ചിരുന്നു. കൃത്യമായ മറുപടി നൽകി സതീശൻ രംഗത്ത് വന്നതോടെ പണി പാളും എന്ന് മുഖ്യമന്ത്രിക്ക് മനസിലായി. നിയമസഭയിൽ തന്നെ കൊണ്ട്” ജനങ്ങളുടെ ദാസൻ എന്ന് പറയിപ്പിച്ച സതീശന് രാജേഷിനെ പോലൊരു മന്ത്രിയെ വെട്ടിലാക്കാൻ എളുപ്പമാണെന്ന് പിണറായിക്കറിയാം. തദ്ദേശ ഭരണവും എബ്രഹാം ഏറ്റെടുക്കുമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. തദ്ദേശത്തിൽ പേരിനൊരു മന്ത്രിയായി രാജേഷ് തുടരും എന്ന് വ്യക്തം. തദ്ദേശം കൂടി തോറ്റാൽ ഇടതില്ല എന്ന് പിണറായിക്ക് അറിയാം.

Read Also:

പിണറായി ഭരിക്കുമ്പോള്‍ പേവിഷ ബാധയേറ്റ് 114 പേര്‍ മരണപ്പെട്ടെന്ന് മന്ത്രി എം.ബി രാജേഷ്

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments