ഇന്ത്യയുടെ ആയുധ കയറ്റുമതി കുതിക്കുന്നു! 1,08,684 കോടി രൂപയുടെ ഉത്പാദന വളർച്ച

ന്യൂഡല്‍ഹി: ആയുധ ഇറക്കുമതിക്കാരില്‍ രണ്ടാമന്‍ എന്നായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ആയുധ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം. എന്നാലിന്ന് കഥ മാറി, ലോകത്തെ ആയുധ കയറ്റുമതി രാജ്യങ്ങളില്‍ ആദ്യത്തെ 25 ലേക്ക് വളര്‍ന്നിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനം 2017 സാമ്പത്തിക വര്‍ഷത്തില്‍ 74,054 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 108,684 കോടി രൂപയായി വളര്‍ന്നുവെന്ന് സാമ്പത്തിക സര്‍വേ 2024 ചൂണ്ടിക്കാണിക്കുന്നു. ഇതാണ്് പ്രതിരോധ കയറ്റുമതി ഉയര്‍ന്നതിനുള്ള കാരണവും.

2015 നും 2019 നും ഇടയില്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരനായി ഇന്ത്യ അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, സാമ്പത്തിക സര്‍വ്വേയില്‍ വിശദമാക്കിയതുപോലെ, വിവരണം മാറി. ‘ഇന്ത്യ ഒരു ആയുധ ഇറക്കുമതിക്കാരന്‍ എന്നതില്‍ നിന്ന് മികച്ച 25 ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു’.

സ്വകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഒരുപോലെ പ്രതിരോധ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,414 കയറ്റുമതി അംഗീകാരങ്ങള്‍ ഉണ്ടായിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,507 ആയി ഉയര്‍ന്നു. ഡോര്‍ണിയര്‍-228 പോലുള്ള വിമാനങ്ങള്‍, പീരങ്കി തോക്കുകള്‍, ബ്രഹ്‌മോസ് മിസൈലുകള്‍, പിനാക റോക്കറ്റുകള്‍, ലോഞ്ചറുകള്‍, റഡാറുകള്‍, സിമുലേറ്ററുകള്‍, കവചിത വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് രാജ്യത്തെ നൂറോളം ആഭ്യന്തര കമ്പനികള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നത്.

പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി, കഴിഞ്ഞ പത്തുവര്‍ഷമായി സര്‍ക്കാര്‍ നിരവധി നയപരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്. കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും വ്യവസായ സൗഹൃദമാക്കുകയും ചെയ്തു, എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ കയറ്റുമതി അംഗീകാരം കാലതാമസം കുറയ്ക്കുകയും ബിസിനസ്സ് എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്‌തോടെയാണ് ആയുധകയറ്റുമതി രംഗത്ത് ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments