ഇതിഹാസ നായകൻ വിടവാങ്ങുന്നു! വിരമിക്കല്‍ പ്രഖ്യാപിച്ച് ഹോക്കി താരം ശ്രീജേഷ്

പാരിസ് ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മുന്‍ നായകനുമായ പി.ആര്‍. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് മലയാളി താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 18 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. ‘അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയില്‍ നില്‍ക്കുമ്പോള്‍, എന്റെ ഹൃദയം നന്ദി കൊണ്ട് വീര്‍പ്പുമുട്ടുന്നു.

എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയതിന്റെ തുടക്കവുമാണ്. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനായത് വാക്കുകള്‍ക്കതീതമായ ബഹുമതിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഞാന്‍ എക്കാലവും വിലമതിക്കുന്ന അംഗീകാരമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ഒരു സ്വപ്‌നമായിരുന്നു’ -വിരമിക്കല്‍ അറിയിച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2006ല്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളില്‍ രാജ്യത്തിന്റെ വല കാത്തു. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്ന 36കാരന്‍ നാലാം ഒളിമ്പിക്‌സിനാണ് പാരിസിലേക്ക് തിരിക്കുന്നത്. രണ്ടുതവണ ഏഷ്യന്‍ ഗെയില്‍സില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്ന ശ്രീജേഷ് രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും പങ്കാളിയായി.

രാജ്യത്തെ മികച്ച കായിക താരത്തിനുള്ള ഖേല്‍ രത്‌ന പുരസ്‌കാരവും തേടിയെത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പരിശീലനത്തിന് ശേഷം ശ്രീജേഷ് അടങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം പാരിസിലെത്തിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ ജൂലൈ 27ന് ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യ മത്സരം. 29ന് അര്‍ജന്റീനയുമായും 30ന് അയര്‍ലന്‍ഡുമായും ആഗസ്റ്റ് ഒന്നിന് ബെല്‍ജിയവുമായും രണ്ടിന് ആസ്‌ട്രേലിയയുമായും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments