ദില്ലി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയാണ് കേന്ദ്ര തീരുമാനം. എന്‍.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവിലെ സഞ്ജയ് കുമാര്‍ ഝായും ലോക് ജന്‍ ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആര്‍.ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു. ഇന്‍ഡ്യ സഖ്യവും പിന്തുണച്ചു.
ഝഞ്ചര്‍പൂര്‍ ലോക്സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. ”പണ്ട് ദേശീയ വികസന കൗണ്‍സില്‍ ചില സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ പ്രത്യേക പദവി നല്‍കിയിരുന്നു. ആ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സവിശേഷതകള്‍ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കില്‍ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം. ഈ പട്ടിക പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നല്‍കേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുകയാണ് നിതീഷ് കുമാര്‍. ഞായറാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന വിവിധ പാര്‍ട്ടികളുടെ യോഗത്തിലും ജെ.ഡി.യു ഈ ആവശ്യം ആവര്‍ത്തിച്ചിരുന്നു. ബിഹാര്‍, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, വൈ.എസ്.ആര്‍.സി.പി, ബി.ജെ.ഡി പാര്‍ട്ടികളും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തെലുഗു ദേശം പാര്‍ട്ടി(ടി.ഡി.പി) ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിച്ചതില്‍ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു. എന്‍.ഡി.എയിലെ നെടുംതൂണെന്ന് വേണമെങ്കില്‍ ജെ.ഡി.യുവിനെ വിശേഷിപ്പിക്കാം. ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എന്‍.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ഈയാവശ്യം ഉയരുകയുണ്ടായി.