ഷിരൂരിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നദീതീരത്തു നിന്ന് ലോഹസാന്നിധ്യത്തിന്റെ ഒരു സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് മണ്ണു നീക്കി പരിശോധിക്കുകയാണ്.
റോഡിൽ രണ്ടിടങ്ങളിൽ നിന്നാണ് റഡാർ സിഗ്നൽ ലഭിച്ചിരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു. റോഡിലേക്ക് വീണ മണ്ണിന്റെ ഏതാണ്ട് 95 ശതമാനത്തോളം മണ്ണു നീക്കി പരിശോധിച്ചിട്ടുണ്ട്.
അതിനിടെ തിരച്ചിലിൽ പുഴയിൽ നിന്നും കണ്ടെത്തിയ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കടുപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയിൽ വീണ ടാങ്കർ ഏഴു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നു കളഞ്ഞശേഷമാണ് കരയ്ക്കടുപ്പിച്ചത്. കാണാതായ അർജുന് വേണ്ടിയുള്ള കരഭാഗത്തെ തിരച്ചിൽ ഇന്ന് പൂർത്തിയാക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു.
പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് സതീഷ് സൈൽ കൂട്ടിച്ചേർത്തു. നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. എൻഡിആർഎഫിൽ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈൽ പറഞ്ഞു. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിൽ രാവിലെ മുതൽ സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നവരിൽ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പൊലീസ് അറിയിച്ചു. ശക്തമായ മഴയാണ് പ്രദേശത്തുള്ളത്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയ്ക്കാണ് ഇത്തരമൊരു നിർദേശമെന്നാണ് വിശദീകരണം. ഷിരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പൊലീസും രക്ഷാപ്രവർത്തകരും തമ്മിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചതായി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേൽ പറഞ്ഞു.