പാവങ്ങൾ എന്തെങ്കിലും ആവശ്യപ്പെട്ടാൽ നയാ പൈസയില്ല കയ്യിൽ നയാപൈസയില്ല എന്ന പാട്ട് പാടി ബാലഗോപാൽ മുങ്ങും
നയാ പൈസയില്ല കയ്യിൽ നയാ പൈസയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതുവരെ കെ. എൻ ബാലഗോപാൽ പാടുന്ന പാട്ടാണിത്. 5 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാലും ബാലഗോപാൽ നയാപൈസയില്ല കയ്യിൽ നയാ പൈസയില്ല എന്ന് പാട്ട് പാടും.
ജീവനക്കാരുടെ ഡി.എ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക , പെൻഷൻകാരുടെ ഡി.ആർ കുടിശിക , കർഷകരുടെ കുടിശിക , കെട്ടിട നിർമ്മാണ തൊഴിലാളികളുടെ കുടിശിക , സപ്ലൈക്കോയിലെ കുടിശിക, കാരുണ്യ ചികിൽസ സഹായ കുടിശിക തുടങ്ങിയ ഏത് കുടിശിക ചോദിച്ചാലും നയാ പൈസയില്ല കയ്യിൽ നയാ പൈസയില്ല പാട്ട് പാടി ബാലഗോപാൽ മുങ്ങും. മുഖ്യമന്ത്രിയും മരുമകൻ മന്ത്രി റിയാസും എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞാൽ മാത്രമാണ് ബാലഗോപാൽ പാട്ട് പാടാത്തത്. രണ്ട് പേർക്കും അപ്പോൾ തന്നെ പണം അനുവദിക്കും. പാട്ട് പാടിയാൽ കസേര കാണില്ല എന്ന് ബാലഗോപാലിന് അറിയാം. അടുത്തിടെ ജഡ്ജിമാർക്കും ബാലഗോപാൽ കോടികൾ നൽകി. പാട്ട് പാടിയില്ല.
ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങാനാണ് 3.79 കോടി ബാലഗോപാൽ നൽകിയത്. ഈ മാസം 19 നാണ് പണം അനുവദിച്ചത്. ഉത്തരവിൻ്റെ പകർപ്പ് മലയാളം മീഡിയക്ക് ലഭിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കോടികൾ അനുവദിച്ചത്. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. കഴിഞ്ഞ ആഴ്ചയാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് ഉള്ളതിനാൽ 3.75 കോടി ജഡ്ജിമാർക്ക് ഉടൻ കിട്ടും. മിന്നി തിളങ്ങുന്ന പുതിയ വാഹനത്തിൽ ജഡ്ജിമാർ ഉടൻ എത്തും.
നിതി നിർവഹണം നടത്തും. ഹൈക്കോടതി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ ധനവകുപ്പ് ഉടൻ ഫണ്ട് അനുവദിക്കും എന്ന് മലയാളം മീഡിയ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ധനവകുപ്പിൻ്റെ ഉത്തരവ് പ്രകാരം ഹൈക്കോടതി ജഡ്ജിമാർക്ക് 81.50 ലക്ഷമാണ് വാഹനം വാങ്ങാൻ അനുവദിച്ചിരിക്കുന്നത്.
സിവിൽ കോടതിയിലെ ജഡ്ജിമാർക്ക് 59 ലക്ഷം, മോട്ടോർ ആക്സിഡെൻ്റ് ക്ലെയിം ട്രൈബ്യൂണലിലെ ജഡ്ജിമാർക്ക് 48 ലക്ഷം, കുടുംബ കോടതിയിലെ ജഡ്ജിമാർക്ക് 1.91 കോടി എന്നിങ്ങനെയാണ് വാഹനം വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്.ഈ ഉത്തരവും കണ്ട് പട്ടിണി പാവങ്ങൾ ക്ഷേമപെൻഷൻ വേണം, മരുന്ന് വാങ്ങാൻ പണം വേണം എന്നൊക്കെ ആവശ്യപ്പെട്ട് ബാലഗോപാലിൻ്റെ അടുത്ത് ചെന്നാൽ വീണ്ടും പാട്ട് തുടങ്ങും. നയാ പൈസയില്ല കയ്യിൽ നയാ പൈസയില്ല. മന്ത്രിസഭയിലെ ഗായകൻ കെ.എൻ. ബാലഗോപാലിന് എല്ലാ ആശംസകളും.