അന്തമില്ലാത്ത പ്രതി എന്തും പറയും. ചീഫ് സെക്രട്ടറി ഡോ. വേണുവിൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിച്ചാൽ ഇങ്ങനെയേ തോന്നൂ. വിദേശ സഹകരണത്തിന് വാസുകിയെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയ ഉത്തരവിനെ ന്യായികരിക്കാൻ ചീഫ് സെക്രട്ടറി വല്ലാതെ പാടുപെടുന്നുണ്ട് പോസ്റ്റിൽ. നല്ല ന്യായീകരണം എഴുതിയാൽ മുഖ്യൻ പ്രസാദിക്കും. ചീഫ് സെക്രട്ടറിക്ക് അതറിയാം.
അടുത്ത മാസം വിരമിക്കുകയാണ് ചീഫ് സെക്രട്ടറി. വിരമിച്ചാൽ ചീഫ് സെക്രട്ടറിയും ശിപായിയും ഒന്ന് തന്നെ. അധികാരമില്ലാത്തവനെ ആരും തിരിഞ്ഞു നോക്കില്ല. ഈ വർഷം ആഗസ്ത് 31 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉഗ്രൻ ഒരു കസേര റെഡിയാക്കി വച്ചിട്ടുണ്ട് എന്നാണ് ഭരണ സിരാകേന്ദ്രത്തിൽ നിന്നുള്ള സൂചന. മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിനും വി.പി. ജോയിക്കും ലഭിച്ചതുപോലെ ശമ്പളവും പെൻഷനും കിട്ടുന്ന കസേര വേണുവിനും കിട്ടും. വിരമിച്ചാലും മാസം 6 ലക്ഷം രൂപ ശമ്പളമുള്ള ജോലി എന്നർത്ഥം.
ന്യായീകരിക്കാൻ ചീഫ് സെക്രട്ടറി വന്നില്ലെങ്കിലേ അത്ഭുതമുള്ളു. അടുത്ത ചീഫ് സെക്രട്ടറി ആകാൻ ക്യൂവിൽ നിൽക്കുന്നവരിൽ പ്രമുഖ ശാരദ മുരളിധരൻ ആണ്. ഡോ. വേണുവിൻ്റെ ഭാര്യയാണ് ശാരദ. ശാരദയേക്കാൾ സീനിയോറിറ്റി ഉള്ളവരും ചീഫ് സെക്രട്ടറി കസേരയിൽ ക്യൂവിലുണ്ട്. മുഖ്യൻ പ്രസാദിച്ചാൽ ചീഫ് സെക്രട്ടറി കസേര ശാരദക്ക് കിട്ടും. ഭാര്യയ്ക്ക് ചീഫ് സെക്രട്ടറി, ഭർത്താവിന് പുനർ നിയമനം. ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം ചീഫ് സെക്രട്ടറി ഡോ. വേണുവിന്.
വേണുവിൻ്റെ വിശദീകരണത്തിലേക്ക് വരാം. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചുകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ടെന്നും പുതിയ ബന്ധങ്ങൾ തേടാറുണ്ടെന്നുമാണ് വേണുവിൻ്റെ വാദം. സംസ്ഥാനത്തിൻ്റെ വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഉദ്യമത്തിൻ്റെ ഭാഗമാണ് വാസുകിയുടെ നിയമനം എന്നാണ് വേണു വിവരിക്കുന്നത്.
അങ്ങയോട് ലളിതമായ ഒരു ചോദ്യം ചോദിക്കട്ടെ. മുഖ്യമന്ത്രി പിണറായി വിജയൻ ചൈന സന്ദർശിക്കുന്നു എന്ന് കരുതുക. തുടർന്ന് ചൈനയിലെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത് വരുന്നു. ഇരുക്കൂട്ടരും പുതിയ ബന്ധം സ്ഥാപിക്കുന്നു. ഒരു സംസ്ഥാനത്തിന് ഇതെങ്ങനെ ചെയ്യാൻ പറ്റും ചീഫ് സെക്രട്ടറി. ഇന്ത്യ വളരരുത് എന്നാഗ്രഹിക്കുന്ന ചൈനയെ പോലുള്ള രാജ്യങ്ങൾ സംസ്ഥാനങ്ങളുമായി ചങ്ങാത്തം കൂടിയാൽ രാജ്യത്തിൻ്റെ അവസ്ഥ എന്താകും.
ഇതൊക്കെ ഭരണഘടന തയ്യാറാക്കിയവർക്ക് നന്നായറിയാം. അതുകൊണ്ടാണ് യൂണിയൻ ലിസ്റ്റിൽ വിദേശ രാജ്യങ്ങളുമായുള്ള സഹകരണം ഉൾപ്പെടുത്തിയത്. കേരളം രാജ്യമല്ലെന്ന് ചീഫ് സെക്രട്ടറി ആദ്യം മനസിലാക്കണം. പിണറായി വിജയൻ പ്രധാനമന്ത്രി അല്ലെന്നും മനസിലാക്കണം.
അങ്ങയോടുള്ള എല്ലാ ബഹുമാനം നിലനിർത്തി കൊണ്ട് പറയട്ടെ ഈ ന്യായീകരണം വളരെ മോശമായി പോയി. ഒരു പാട് മഹാരഥൻമാർ ഇരുന്ന കസേരയാണ് ചീഫ് സെക്രട്ടറി കസേര. ജോയിയും എബ്രഹാമും മഹാരഥൻമാരുടെ പട്ടികയിൽ ഇല്ല. മറ്റൊരു ജോയിയും എബ്രഹാമും ആകാൻ ശ്രമിക്കാതെ ഇറക്കിയ ഉത്തരവ് പിൻവലിക്കൂ.
അടുത്ത മാസം വിരമിക്കുന്ന അങ്ങേക്ക് എല്ലാ മംഗളങ്ങളും. മുഖ്യൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ചീഫ് സെക്രട്ടറി കസേര അങ്ങയുടെ ഭാര്യ ശാരദയ്ക്ക് കസേര ലഭിക്കട്ടെ. കെ – ഫോൺ പോലെ കെ- ചീഫ് സെക്രട്ടറിമാർ സംസ്ഥാനം ഭരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറമുള്ള ന്യായികരണങ്ങൾ വന്നാലും അൽഭുതപ്പെടേണ്ട.