തുടര്‍ച്ചയായി ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങുന്നതില്‍ നിന്ന് കരകയറാന്‍ സിപിഎം. ദൈവ വിശ്വാസികളോടും അവരുടെ വിശ്വാസങ്ങളോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമമാണ് സിപിഎം ആരംഭിക്കുന്നത്. പാര്‍ട്ടി അതിന്റെ പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്ന് വലിയൊരു മാറ്റമാണ് വരുത്താന്‍ പോകുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് നീക്കം. വിശ്വാസികളെ, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരെ തങ്ങളുടെ പക്ഷത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.
ഞായറാഴ്ച ആരംഭിച്ച ദ്വിദിന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടനാ രാഷ്ട്രീയ ഗതി തിരുത്തലിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ”വിശ്വാസത്തെയും വിശ്വാസികളെയും കുറിച്ചുള്ള തങ്ങളുടെ പ്രഖ്യാപിത നിലപാടിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ സിപിഎം തീരുമാനിച്ചു,” പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്.
2019ല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് സമാനമായ തിരിച്ചടി നേരിട്ടിരുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും അന്ന് തിരിച്ചടിയായെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. അതോടെ, അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെയുള്ള നേതൃത്വം ഹൈന്ദവ ഭവനങ്ങള്‍ സന്ദര്‍ശിച്ച് തങ്ങളുടെ വീഴ്ചകള്‍ തുറന്നു സമ്മതിച്ചു. എന്നാല്‍, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അക്കാര്യങ്ങള്‍ മറന്ന അവസ്ഥയിലായിരുന്നു സിപിഎം സംഘടന. വലതുപക്ഷ ശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ നിലപാടുകള്‍ സമൂലമായി മാറ്റേണ്ടതുണ്ടെന്ന് നേതൃത്വം ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഫ്യൂഡല്‍ സ്വഭാവമുള്ളതാണെന്നും ഒരു ജനകീയ വിപ്ലവം നടക്കാത്തതിനാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് സാധ്യതയില്ലെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം. സമൂഹത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിശ്വാസമെന്ന് സിപിഎം ഇപ്പോള്‍ തിരിച്ചറിയുകയാണ്. ”രാജ്യത്തെ ഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. നേതാക്കള്‍ വിശ്വാസത്തെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും സംസാരിച്ചെങ്കിലും ഈ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സിപിഎമ്മിന് പലപ്പോഴും പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി.
അതിനിടെ, ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ അംഗങ്ങളോട് നിര്‍ദ്ദേശിച്ച പാലക്കാട് പ്ലീനത്തില്‍ സ്വീകരിച്ച നിലപാടാണ് വിശ്വാസികളെ അകറ്റിയതെന്ന് പാര്‍ട്ടിയിലെ പലര്‍ക്കും തിരിച്ചറിവുണ്ടായിട്ടുണ്ട്. വിശ്വാസം, ക്ഷേത്രാചാരങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ആര്‍എസ്എസ് സ്വാധീനമാണ് സമൂഹത്തില്‍ വലതുപക്ഷ ചായ്വുണ്ടാകാന്‍ കാരണമെന്ന് സിപിഎം നേതൃത്വം കരുതുന്നു.
ഇത് കണക്കിലെടുത്ത് ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം.
ക്ഷേത്രങ്ങള്‍ സംഘപരിവാറിന്റെ കൈകളില്‍ അകപ്പെടരുത്. സിപിഎമ്മിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് പിന്തുണയും നിയമസഹായങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ, യഥാര്‍ത്ഥ വിശ്വാസികളെയും വര്‍ഗീയവാദികളെയും വേര്‍തിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. ‘ഒരു മതേതര വിശ്വാസം സൃഷ്ടിക്കുന്നത് ഏറ്റവും വലിയ പ്രാധാന്യം ഏറ്റെടുക്കുന്നു. ഏതെങ്കിലും ആരാധനാലയത്തില്‍ കേഡര്‍മാര്‍ക്കും അനുഭാവികള്‍ക്കും പോകുന്നതിന് പാര്‍ട്ടി എതിരല്ല. ഭാരവാഹികള്‍ ഈ ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷേ, പുതിയ സാഹചര്യത്തില്‍ ഇതിലും മാറ്റങ്ങളുണ്ടായേക്കും.