അര്‍ജുനെക്കുറിച്ച് അഞ്ചാംനാളും സൂചനയില്ല; ആശങ്കയേറ്റി മഴ

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരിച്ചില്‍ 100 മണിക്കൂര്‍ പിന്നീട്ടിട്ടും ആശ്വാസകരമായ സൂചനകള്‍ വിദൂരം. രണ്ടാംഘട്ട റഡാര്‍ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ട റഡാര്‍ പരിശോധനയില്‍ ലോറി കണ്ടെത്താനായിരുന്നില്ല. സ്ഥലയ്ക്ക് ഇടയ്ക്കിടക്ക് മഴ പെയ്യുന്നത് ആശങ്കയേറ്റുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും രക്ഷാശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ റഡാറില്‍ ലഭിച്ചത് മൂന്നു സിഗ്‌നലുകളെന്ന് ഉത്തര കന്നഡ കലക്ടര്‍ പറഞ്ഞു.

മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു. വന്‍പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാല്‍ റഡാറില്‍ സിഗ്‌നല്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചില്‍ നടത്തുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനമുണ്ട്. റഡാര്‍ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്പി നാരായണ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments