- വിരമിച്ച സഖാക്കളെ പിന്‍വാതിലിലൂടെ ജി.എസ്.ടി വകുപ്പില്‍ നിയമിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍
- അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ അന്വേഷണം നേരിടുന്നവരെയാണ് മാസം 1.50 ലക്ഷം ശമ്പളം നല്‍കി നിയമിക്കുന്നത്
- ഇന്റലിജന്‍സിന്റെ നീക്കം നികുതി വെട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി കേസുകള്‍ അട്ടിമറിക്കാൻ സാധ്യത
ജി.എസ്.ടി വകുപ്പില്‍ വിരമിച്ച സഖാക്കളെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. അഴിമതി ആരോപണങ്ങളാലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നേരിടുന്ന വിരമിച്ച ഉദ്യോഗസ്ഥരെയാണ് തിരക്കിട്ട് പ്രതിമാസം 1.50 ലക്ഷം ശമ്പളം നല്‍കി നിയമിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ 6 വര്‍ഷം കൊണ്ട് കേരളത്തിന് ജി.എസ്.ടി നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് നേടാനായത് കേവലം 2 % മാത്രമാണ്. ദിശാബോധമില്ലാത്ത നികുതി ഭരണ സംവിധാനത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് കേരളം ജി.എസ്.ടി വരുമാന വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ താഴെയായത്. ഈ കാലമത്രയും സുപ്രധാന തസ്തികയില്‍ ഇരുന്ന് ഭരിച്ച് മുടിപ്പിച്ചവരെ തന്നെയാണ് വിരമിച്ച ശേഷവും പിന്‍വാതിലിലൂടെ ഉയര്‍ന്ന ശമ്പളം നല്‍കി ഇന്റലിജന്‍സ് വിഭാഗത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
സര്‍വീസ് കാലയളവ് മുഴുവന്‍ അഴിമതി കേസില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിടുകയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്നവരേയും വിരമിച്ച ശേഷം ഇന്റലിജന്‍സിന്റെ തലപ്പത്ത് അവരോധിക്കുവാനുള്ള നീക്കം ദുരൂഹമാണ്. ഇവര്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ നീക്കം നികുതി വെട്ടിപ്പ് കാര്‍ക്ക് ചോര്‍ത്തി കേസുകള്‍ അട്ടിമറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിര ജീവനക്കാര്‍ അല്ലാത്തതിനാല്‍ അച്ചടക്കനടപടികള്‍ക്കും പരിമിതിയുണ്ട്.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേന്ദ്ര ജി.എസ്.ടി വകുപ്പിലും ഇത്തരത്തില്‍ വിരമിച്ച ഉദ്യോഗസ്ഥരെ ഇന്റലിജന്‍സ് ചുമതലയില്‍ നിയമിക്കാറില്ല. ഇത്തരം അഴിമതിക്കാര്‍ ചേര്‍ന്നാണ് കഴിഞ്ഞ കേരളിയം പരിപാടിക്ക് സ്‌പോണ്‍സര്‍മാരെ സങ്കടിപ്പിച്ചത്. വീണ്ടും അടുത്ത കേരളീയത്തിന് പിരിവ് നടത്താനാണോ ഇത്രയും ആരോപണം നേരിടുന്ന വിരമിച്ച ഉദ്യോഗസ്ഥരെ പിന്‍ വാതിലിലൂടെ നിയമിക്കാന്‍ നീക്കം നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തി നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ മറവിലാണ് ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരെയും മറ്റും ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെ ശമ്പളത്തിനു നിയമിക്കാനാണു തീരുമാനം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
സീനിയര്‍ ഡേറ്റ അനലിസ്റ്റ്/ സീനിയര്‍ സയന്റിസ്റ്റ്, സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡേറ്റ അനലി സ്റ്റ്/സയന്റിസ്റ്റ് എന്നീ തസ്തി കകളിലേക്കു സര്‍വീസില്‍നിന്നു വിരമിച്ചവരോ പുറത്തുനിന്നുള്ളവരോ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മറ്റു വകുപ്പുകളില്‍ നിന്നു ള്ളവരോ ആയി ആകെ 9 പേരെ നിയമിക്കാനാണ് അനുമതി. 2022 ലാണു ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഈ രംഗത്തെ സര്‍ക്കാര്‍- സ്വകാര്യ ഉന്നതപഠന, ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരെയും മറ്റും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ ശുപാര്‍ശയുമുണ്ടായിരുന്നു. ഇതിന്റെ മറവിലാണു വിദഗ്ധരെ ഒഴിവാക്കി വിരമിച്ചവരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നത്. സിപിഎം അനുകൂല സര്‍വീസ് സംഘടനയില്‍പ്പെട്ടവരും പാര്‍ട്ടിക്കു താല്‍ പര്യമുള്ള വിരമിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം.
സീനിയര്‍ ഡേറ്റ അനലിസ്റ്റ്/സീനിയര്‍ സയന്റിസ്റ്റ്, സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തിക വകുപ്പിലെ ഡപ്യൂട്ടി കമ്മിഷണര്‍ തസ്തികയ്ക്കു തുല്യമാണ്. ഡേറ്റ അനലിസ്റ്റ്/സയന്റിസ്റ്റ് എന്നതു സംസ്ഥാന ടാക്‌സ് ഓഫിസറുടെ തസ്തികയ്ക്കും തുല്യം. ആദ്യ 2 എണ്ണത്തിലും ശമ്പളം ഒന്നര ലക്ഷവും മൂന്നാമത്തേതില്‍ ഒരു ലക്ഷവുമാണ്. ഡപ്യൂട്ടി കമ്മിഷണര്‍ക്കും ടാക്‌സ് ഓഫിസര്‍ക്കും ലഭിക്കുന്നതിനു തുല്യമായ യാത്രപ്പടി പുറമേ. ആദ്യം ഒരു വര്‍ഷത്തേക്കാണു നിയമനം. സേവനം തൃപ്തികരമെങ്കില്‍ നീട്ടിനല്‍കാനും ഉത്തരവില്‍ വകുപ്പുണ്ട്.