മൈക്രോ സോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തും സര്‍വീസ് മേഖല തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യൂര്‍ സ്തംഭിച്ചതാണ് ഐ.ടി മേഖലയെ അമ്പരിപ്പിച്ചിരിക്കുന്നത്. ലോകമെങ്ങും വ്യോമഗതാഗതം, ടെലിവിഷന്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, ബാങ്കിങ് സേവനങ്ങളെയും ഐടി മേഖലയെയും ഇത് ബാധിച്ചു. മൈക്രോസോഫ്റ്റ് 365 ആപ്പുകളും സേവനങ്ങളും തടസപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകള്‍ തനിയെ ബ്ലൂ സ്ക്രീനിലേക്ക് പോവുകയാണ്. ക്രൗഡ്സ്ട്രൈക്ക് ആന്റി വൈറസ് സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടര്‍, ഐടി സേവനങ്ങളില്‍ അതീവ ഗുരുതരമായ സ്തംഭനത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്.
വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി. ഇന്ത്യ, ഓസ്ട്രേലിയ, ജര്‍മ്മനി, യുഎസ്, യുകെ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചു. ബാങ്കുകള്‍, വിമാനക്കമ്പനികള്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര സേവനങ്ങള്‍ ഉള്‍പ്പടെ സൈബറിടത്തെ തകരാര്‍ മൂലം തടസ്സപ്പെട്ടു.
ഇന്ത്യയില്‍, വിമാനത്താവളങ്ങളില്‍ ഉടനീളം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങളും തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ തനിയെ റീ സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ആകുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി അനേകം വിമാനക്കമ്പനികള്‍ ‘ഗ്രൗണ്ട് സ്റ്റോപ്’ നിര്‍ദേശം നല്കി. ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ഫ്രോണ്ടിയറിന്റെ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 212 എണ്ണം വൈകി. അലീജിയന്റിന്റെ 45 ശതമാനം വിമാനങ്ങളും വൈകി. മധ്യ അമേരിക്കന്‍ മേഖലയിലാണ് പ്രശ്നം ആരംഭിച്ചത്. ഇത് വളരെ വേഗം ലോകത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
അതേസമയം സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്താണ് തകരാറെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങള്‍ തടസ്സപ്പെട്ടു. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന യുഎസ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംപ്രേക്ഷണം നല്കാന് കഴിയുന്നില്ലെന്ന് പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് അറിയിച്ചു.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങള്‍ തടസ്സപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയില്‍, ബാങ്കുകള്‍, ടെലികോം, മാധ്യമ സ്ഥാപനങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയെ തകരാര്‍ ബാധിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയയുടെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം ബെര്‍ലിന്‍ വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
Is that the maiden descision of the retrograde amnesia patient taking over as his lieutenant general at Finance?