സംസ്ഥാനത്ത് സാർവത്രിക വികസനം സാധ്യമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും 374 പാലങ്ങളും നിർമ്മിച്ചു കൊണ്ട് ആധുനിക കേരളത്തിൻ്റെ വികസന കുതിപ്പിന് അദ്ദേഹം കാർമ്മികത്വം വഹിച്ചു. മനുഷ്യത്വത്തിലധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ ആരോഗ്യമാതൃകകളാണ് ശ്രുതി തരംഗം പദ്ധതിയും കാരുണ്യയും. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹം എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ സ്ഥാപിച്ചു.
മൂലമ്പിള്ളിയിലും എൻഡോസൾഫാൻ ദുരിതബാധിതർക്കും പ്രത്യേക പാക്കേജ് നടപ്പിലാക്കിയ അദ്ദേഹം പാവപ്പെട്ടവൻ്റെയും ആലംബഹീനരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു മുൻഗണന നൽകിയിരുന്നത്.
എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഈ പദ്ധതികളെയെല്ലാം തുരങ്കം വക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ ജുഡീഷ്യൽ കമ്മീഷനെ വച്ചു. എന്നാൽ എല്ലാ ആരോപണങ്ങളിൽ നിന്നും അദ്ദേഹം അഗ്നിശുദ്ധി നേടി. ഉമ്മൻചാണ്ടി സർക്കാർ സ്ഥാപിച്ചുവെന്ന ഒറ്റക്കാരണത്താൽ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് വേണ്ടെന്ന് വച്ചു.
ആയിരം ദിനം കൊണ്ട് പൂർത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം രണ്ടായിരം ദിവസം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല.
ഇടതുഭരണത്തിൽ ആരോഗ്യരംഗം ലിഫ്റ്റിൽ കുടുങ്ങിയ രോഗിയുടെ അവസ്ഥയിലായിരിക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ നാഥനില്ലാക്കളരിയായി മാറി. ആയുസിൻ്റെ കാര്യം അവനവൻ്റെ ഭാഗ്യംപോലെ എന്നതാണ് വസ്തുത. അഹങ്കാരവും ധാർഷ്ട്യവും മാറ്റിവച്ച് പൊതുജനക്ഷേമം മുൻനിർത്തി ഉമ്മൻ ചാണ്ടിയെ മാതൃകയാക്കാൻ ഇന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കണം.
ഉമ്മൻ ചാണ്ടിയുടെ ഭരണം ജീവനക്കാർക്ക് നേട്ടങ്ങളുടെ സുവർണ കാലമായിരുന്നു. അർഹമാകുന്നതിനും ഏഴ് മാസം മുമ്പ് ശമ്പളക്കമ്മീഷനെ നിയോഗിച്ചു. ഏറ്റവും മികച്ച ശമ്പള പരിഷ്ക്കരണം ലഭ്യമാക്കി. ഒരു ഗഡു പോലും ഡി എ കുടിശ്ശികയാക്കിയില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടക്കിയില്ല. കെ എസ് ആർ ടി സി ജീവനക്കാരെ പെരുവഴിയിലാക്കിയില്ല. ഇന്ന് എല്ലാവരും നിരാശയിലാണ്. ഡി എ ഏഴ് ഗഡു കുടിശ്ശികയാണ്. അഞ്ചുകൊല്ലം മുമ്പുള്ള പേറിവിഷൻ തുക പോലും കൊടുത്തിട്ടില്ല.- ശിവകുമാർ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ വേർപാടിൻ്റെ ഒന്നാമാണ്ട് ആചരണത്തിൻ്റെ ഭാഗമായി
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൻ്റെയും കാരുണ്യോദയം പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനതയുടെ സ്വത്തും സമ്പത്തും സർവവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. വികസനവും കരുതലും വിഭിന്നമല്ല, ഒന്നു തന്നെയാണെന്ന് മലയാളിയെ സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ ജനകീയ ഭരണാധികാരിയായിരുന്നു അദ്ദേഹം
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, ട്രഷറർ കെ എം അനിൽകുമാർ, എ സുധീർ, ഗോവിന്ദ് ജി ആർ, ആർ രഞ്ജിഷ് കുമാർ, റൈസ്റ്റൺ പ്രകാശ് സി സി, റീജ എൻ, സുനിത എസ് ജോർജ്, മീര എസ് എസ്, അജേഷ് എം, കീർത്തി നാഥ് ജി എസ്, ആർ രാമചന്ദ്രൻ നായർ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, രാജേഷ് എം ജി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് കാരുണ്യോദയം പദ്ധതിയിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കുന്ന 5 പേർക്ക് ചികിത്സാ ധനസഹായവും 320 നിർധനർക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.