പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ. വാസുകി! പുതിയ വിദേശ പര്യടനം ഉടന്‍

കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ ലിസ്റ്റിനെ അവഗണിച്ച പിണറായിക്ക് കേരളം രാജ്യമോ?

തിരുവനന്തപുരം: കേരളം രാജ്യമായോ ? ഈ 15ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് വായിച്ചാൽ അങ്ങനെ തോന്നുന്നവരെ കുറ്റപ്പെടുത്താൻ ആവില്ല. തൊഴിൽ സെക്രട്ടറി ഡോ. വാസുകിയെ വിദേശ സഹകരണത്തിൽ പൊളിറ്റിക്കൽ വകുപ്പ് സഹായിക്കണമെന്നാണ് ഉത്തരവ്. കൂടാതെ വിദേശകാര്യ മന്ത്രാലയം, എംബസികൾ, വിദേശ മിഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വാസുകിയെ ഡൽഹി റെസിഡെൻ്റ് കമ്മീഷണർ സപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

വിദേശ രാജ്യങ്ങൾ, വിദേശ സഹകരണം എന്നി വിഷയങ്ങൾ ഭരണഘടന പ്രകാരം യൂണിയൻ ലിസ്റ്റിൽ ഉള്ളതാണ്. യൂണിയൻ ലിസ്റ്റിലുള്ള വിദേശ സഹകരണത്തിൽ വാസുകിക്ക് എന്ത് റോൾ?. വേണു രാജാമണിയെ വിദേശ സഹകരണത്തിൽ ഡൽഹിയിലെ സർക്കാർ പ്രതിനിധിയായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയേയും സംഘത്തിനേയും കൊണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു രാജാമണിയുടെ പ്രധാന ജോലി.

മുഖ്യമന്ത്രിയുടെ ഫോറിൻ ടൂർ ഓപ്പറേറ്റർ എന്നർത്ഥം. രാജാ മണിക്ക് വേണ്ടി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവായി. ചീഫ് സെക്രട്ടറിമാരായ വി.പി ജോയിയും പിൻഗാമി ഡോ. വേണുവും രാജാമണിയുടെ വിദേശ കറക്കം ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ പാര ഏറ്റു. രാജാമണി തെറിച്ചു. രാജാമണി പോയാലും വിദേശ സഹകരണം പോകാൻ പാടില്ലെന്നായി പിണറായി. പിണറായിയുടെ ആവശ്യം മാനത്ത് കണ്ട ഡോ. വേണു തൊഴിലിലോ നൊടൊപ്പം വിദേശ സഹകരണത്തിൻ്റെ ചാർജും വാസുകിയെ ഏൽപിച്ചു.

റൂൾസ് ഓഫ് ബിസിനസിന് എതിരായാൽ ഗവർണർ ചെവിക്ക് പിടിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് അറിയാം. അതുകൊണ്ട് വാസുകിയെ സഹായിക്കാൻ പൊളിറ്റിക്കൽ വകുപ്പ് , ഡൽഹി റസിഡണ്ട് കമ്മീഷണർ എന്നിവരെ ചുമതലപ്പെടുത്തി വേണു തടി തപ്പി. ആ ഉത്തരവാണ് ഈ 15 ന് ഇറങ്ങിയത്. ആരിഫ് മുഹമ്മദ് ഖാനെ പറ്റിക്കാൻ പറ്റുമോ എന്ന് കണ്ടറിയണം.വേണു രാജാമണിയുടെ സ്ഥാനത്ത് വാസുകി എത്തി എന്ന് സാരം. പിണറായിയുടെ പുതിയ ഫോറിൻ ടൂർ ഓപ്പറേറ്ററായി വാസുകി മാറി. വാസുകിയുടെ ഭർത്താവ് ഡോ. കാർത്തികേയൻ ഐ എ എസ് പിണറായിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ്. നവകേരള ബസിൽ പിണറായിയോടൊപ്പം സഞ്ചരിച്ച ആൾ. നവകേരള ബസിൽ മന്ത്രിമാർ ചിരിച്ചു കൊണ്ട് പോസ് ചെയ്തപ്പോൾ ഫ്രെയിമിൽ നിന്ന് മാറാൻ മുട്ടുകാലിൽ ഇഴയുന്ന കാർത്തികേയൻ്റെ ചിത്രം വൈറലായിരുന്നു.

പിണറായിയുടെ പുതിയ വിദേശ പര്യടനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. കാണേണ്ട രാജ്യങ്ങൾ വാസുകി തയ്യാറാക്കും. ലോക കേരള സഭയുടെ ചാർജും വാസുകിക്കായിരുന്നു. ലോക കേരള മേഖല സമ്മേളനവും ആയിട്ടായിരിക്കും പിണറായിയുടെ വിദേശ പര്യടനം ആരംഭിക്കുക.

വാസുകി, കാർത്തികേയൻ ഐഎഎസ് ദമ്പതികളും മുഖ്യമന്ത്രിയോടൊപ്പം വിദേശ രാജ്യങ്ങൾ സന്ദർശിക്കും. മുഖ്യമന്ത്രിയായതിന് ശേഷം 30 വിദേശ സന്ദർശനങ്ങൾ ആണ് പിണറായി നടത്തിയതും. ഭാര്യ കമല, മകൾ വീണ വിജയൻ, കൊച്ചുമകൻ എന്നിവരും വിദേശയാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

അമേരിക്ക, ബ്രിട്ടൻ, ക്യൂബ, നോർവെ, ഫിൻലണ്ട്, നെതർലണ്ട്, സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബഹറിൻ , യു.എ.ഇ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നി വിദേശരാജ്യങ്ങളാണ് പിണറായി സന്ദർശിച്ചത്. മുഖ്യമന്ത്രി സന്ദർശിക്കാത്ത വിദേശ രാജ്യങ്ങൾ കണ്ട് പിടിക്കുക ആണ് വാസുകിയുടെ ജോലി. പിണറായി രാജ്യത്തെ പുതിയ ടൂർ ഓപ്പറേറ്റർ വാസുകിക്ക് എല്ലാ ആശംസകളും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments