
പിണറായി ഭരിക്കുമ്പോള്‍ പേവിഷ ബാധയേറ്റ് 114 പേര്‍ മരണപ്പെട്ടെന്ന് മന്ത്രി എം.ബി രാജേഷ്
- പേവിഷ ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു
- നാട്ടില്‍ നായശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാകാതെ എം.ബി. രാജേഷിന്റെ വകുപ്പ്
- നായയുടെ കടിയേറ്റ് ചികില്‍സ തേടിയത് 15.49 ലക്ഷം ആളുകള്‍
വര്‍ഷങ്ങളായി കേരളത്തില്‍ രൂക്ഷമായിരിക്കുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന കണക്കുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 2016 മുതല്‍ 2024 മെയ് 31 വരെ സംസ്ഥാനത്ത് പേ വിഷബാധ മൂലം 114 പേര്‍ മരണപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്.
ഈ വര്‍ഷം, അതായത് 2024 ജനുവരി മുതല്‍ മെയ് വരെ മാത്രം മരണപ്പെട്ടത് 16 പേരാണ്. എന്നുവെച്ചാല്‍ ഒരുമാസം മൂന്നുപേരോളം കേരളത്തില്‍ പേവിഷബാധയേറ്റ് മരിക്കുന്നുവെന്ന ഗുരതര സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തെ പല ആശുപത്രികളിലും പേ വിഷ ബാധ തടയുന്നതിനുള്ള വാക്‌സിന്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം 2024 മെയ് 31 വരെ നായ കടിയേറ്റ് ചികില്‍സ തേടിയവര്‍ 15,49,195 പേരാണ്. മാലിന്യ പ്രശ്‌നം പോലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് തദ്ദേശ വകുപ്പ് തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന് നിയമസഭയില്‍ വെച്ച കണക്കുകളില്‍ നിന്ന് വ്യക്തം.
2024 ജനുവരി മുതല്‍ മെയ് വരെ പട്ടികടിയേറ്റത് 1,26,337 പേര്‍ക്കാണ്. 2022 സെപ്റ്റംബറിലാണ് എം.ബി രാജേഷ് തദ്ദേശ എക്‌സൈസ് മന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്. തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്നും വിപുലമായ രീതിയില്‍ പൊതുജന പങ്കാളിത്തത്തോടെ പ്രശ്‌ന പരിഹാരം കാണുമെന്നുമൊക്കെ ചുമതലയേറ്റെടുത്തയുടനെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യകമാകുന്നത്.

തദ്ദേശ മന്ത്രി ആയിരുന്ന എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തിരുന്ന എം.ബി രാജേഷിനെ പിണറായി മന്ത്രിയാക്കിയത്. മാലിന്യ പ്രശ്‌നവും തെരുവ് നായ ശല്യവും അനുദിനം വഷളാകുന്ന സംസ്ഥാനത്ത് അത് പരിഹരിക്കേണ്ട തദ്ദേശ വകുപ്പില്‍ ദയനിയമായ പ്രകടനമാണ് മന്ത്രി എം.ബി രാജേഷിന്റേത്.
[…] […]