സെക്രട്ടേറിയേറ്റ് സൊസൈറ്റി തിരഞ്ഞെടുപ്പ്: ഇടതു സംഘടനയുടെ കൺവെൻഷനിൽ മുഖ്യ സംഘാടകനായി ആക്രി കടത്തിയ ജീവനക്കാരൻ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആക്രി കടത്തിവിറ്റ സംഭവത്തിൽ ആരോപണ വിധേയനായ താൽക്കാലിക ഉദ്യോഗസ്ഥൻ ബിനു സെക്രട്ടേറിയേറ്റ് സ്റ്റാഫ് സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു സംഘടനകൾ ഇന്നലെ നടത്തിയ കൺവെൻഷനിൽ മുഖ്യ സംഘാടകനായി രംഗത്തെത്തി.

പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് സെക്ഷനിൽ താൽക്കാലിക ജീവനക്കാരനായ ബിനു മുത്തുവേൽ എന്നയാളുടെ പേരിൽ വ്യാജരേഖ ചമച്ച് കഴിഞ്ഞ മൂന്നു വർഷമായി ലോഡ് കണക്കിന് ആക്രി കടത്തി വിൽക്കുകയും പൊതുഖജനാവിൽ അടയ്ക്കേണ്ട തുക സ്വന്തം അക്കൗണ്ടിൽ വാങ്ങുകയും ചെയ്തതിന്റെ തെളിവുകൾ കഴിഞ്ഞയാഴ്ച ഒരു ചാനൽ പുറത്തു വിട്ടിരുന്നു.

ഹൗസ് കീപ്പിംഗ് വിഭാഗം അഡിഷണൽ സെക്രട്ടറിയായ പി.ഹണിയാണ് തനിക്ക് നിയമനം നൽകിയത് എന്ന് ചാനൽ ക്യാമറകൾക്ക് മുമ്പിൽ ബിനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാജരേഖയുടെ പിൻബലത്തിൽ സർക്കാർ ഉത്തരവ് ചമയ്ക്കുവാൻ ഒരു താൽക്കാലിക ജീവനക്കാരൻ മാത്രം വിചാരിച്ചാൽ സാധിക്കുകയില്ല എന്നതിനാൽ ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നടന്ന വൻ വെട്ടിപ്പ് സർക്കാരിന് തന്നെ വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണവും ഉന്നതതല അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഇതേവരെ ഉണ്ടായിട്ടില്ല.

അങ്ങനെയിരിക്കെയാണ് ഇത്രയും വലിയ വിവാദം ഉണ്ടാക്കിയ വിഷയത്തിൽ ആരോപണ വിധേയനായ ബിനു സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു സംഘടനകൾ നടത്തിയ കൺവെൻഷനിൽ മുഖ്യ സംഘാടകന്റെ റോളിലെത്തിയത്. ആക്രിക്കടത്ത് നടന്ന ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ അഡീഷണൽ സെക്രട്ടറിയായ പി. ഹണി ആണ് ഇടതു സംഘടനകൾ നേതൃത്വം നൽകുന്ന സഹകരണ മുന്നണിയുടെ കൺവീനർ.

സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സഹകരണ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് മുൻമന്ത്രിയും സിപിഐ(എം) നേതാവുമായ കടകംപള്ളി സുരേന്ദ്രനാണ്. ഈ മാസം 27 നാണ് സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പ് നടക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments