
ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനം: 81.50 ലക്ഷം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ബജറ്റിൽ ഫണ്ട് വയ്ക്കാത്ത കെ.എൻ. ബാലഗോപാലിൻ്റെ നടപടിയിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നു. 6 വാഹനങ്ങൾ ആണ് വാങ്ങുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡൽ വാഹനമാണ് വാങ്ങുന്നത്. 81,50,904 രൂപയാണ് ചെലവ്.
2024 മെയ് 30 ന് വാഹനം വാങ്ങാൻ ഭരണാനുമതി നൽകിയിരുന്നു. വാഹനം വാങ്ങാൻ തുക ബജറ്റിൽ വകയിരുത്തിയിരുന്നില്ല. അതുകൊണ്ട് വാഹനം വാങ്ങൽ നടന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച നിയമസഭയിൽ സമർപ്പിച്ച 2024 ലെ ആദ്യ സപ്ലിമെൻ്റ് ഗ്രാൻ്റിൽ വാഹനം വാങ്ങാൻ ടോക്കൺ പ്രൊവിഷൻ വകയിരുത്തുക ആയിരുന്നു.

അഡീഷണൽ ഫണ്ടായി ധനവകുപ്പ് ഉടൻ തുക അനുവദിക്കും. ഈ ആഴ്ച തന്നെ വാഹനം വാങ്ങാൻ മുഴുവൻ തുകയും അനുവദിക്കും എന്നാണ് ലഭിക്കുന്ന സൂചന. ഹൈക്കോടതി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ ബജറ്റ് ശീർഷകത്തിൽ ഫണ്ട് വയ്ക്കാത്ത ബാലഗോപാലിൻ്റെ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തനാണ്.
ഭരണാനുമതി കിട്ടിയിട്ടും ബജറ്റിൽ പണം വകയിരുത്താത്തത് കൊണ്ട് വാഹനം കിട്ടാൻ 2 മാസം ജഡ്ജിമാർക്ക് കാത്തിരിക്കേണ്ടി വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്