സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 27.5 ശതമാനം വര്‍ദ്ധിപ്പിച്ച് കര്‍ണാടക; ഏഴുലക്ഷം ജീവനക്കാര്‍ ഹാപ്പി

Dearness Allowance Kerala Employees

കര്‍ണാടക സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയുടെ അനുമതി. ഓഗസ്റ്റ് 1 മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 27.5% വര്‍ദ്ധനവ് ഉണ്ടാകും. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം ഈ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ വീട്ടുവാടക അലവന്‍സില്‍ 32 ശതമാനം വര്‍ധനയുണ്ടാകും. ശമ്പള പരിഷ്‌കരണത്തിലൂടെ 17,400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 7,400 കോടി ശമ്പളത്തിനും 3,700 കോടി പെന്‍ഷനുമാണ്. 2023 മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ജീവനക്കാര്‍ക്ക് 17% ഇടക്കാല ശമ്പള വര്‍ദ്ധനവ് അനുവദിച്ചിരുന്നു.

കുറഞ്ഞ ശമ്പളത്തില്‍ പതിനായിരം രൂപയാണ് കൂടുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും. കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ.സുധാകര്‍ റാവു ചെയര്‍മാനായ ശമ്പള കമ്മീഷനാണ് വര്‍ധനവിന് ശുപാര്‍ശ ചെയ്തിരുന്നത്. 12 ലക്ഷം ജീവനക്കാര്‍ക്ക് പുതിയ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

അടുത്ത മാസം മുതല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 27,000 രൂപയാകും. നിലവില്‍ ഇത് 17,000 ആയിരുന്നു. വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് 27.5 ശതമാനം വരെ വര്‍ധനവാണ് നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാകും നടപടി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് അത് നടപ്പാക്കുന്നതിന് പകരം, ഇടക്കാലാശ്വമായി 17.5 ശതമാനത്തിന്റെ വര്‍ധന നല്‍കി ജീവനക്കാരെ ആശ്വസിപ്പിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബാക്കി പത്തു ശതമാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. തെരഞ്ഞെടുപ്പിന് ശേഷം ഭരണം മാറിയതോടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ അനിശ്ചിത കാല സമരം നടത്താനൊരുങ്ങുതിനിടെയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്.

ജീവനക്കാരുടെ കയ്യില്‍ വലിയ തോതില്‍ പണമെത്തുന്ന ശമ്പളവര്‍ധന തീരുമാനം വിപണിക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകള്‍ ഇതിന്റെ ഗുണഫലം പ്രതീക്ഷിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങളാണ് ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു മേഖല.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments