തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി രണ്ടുദിവസം ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച ലിഫ്റ്റില്‍ കുടുങ്ങിയ ഇദ്ദേഹത്തെ തിങ്കളാഴ്ച്ചയാണ് കണ്ടെത്തിയത്. രണ്ടുദിവസം ലിഫ്റ്റില്‍ രോഗിയുള്ള കാര്യം അധികൃതര്‍ ആരും അറിഞ്ഞിരുന്നില്ല. രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നടുവേദനയുടെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. രവീന്ദ്രന്റെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. രവീന്ദ്രന്‍ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. വിഷയം അന്വേഷിക്കാമെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.
ലിഫ്റ്റില്‍ കയറിയ ഉടന്‍ മുകളിലേക്ക് പോയ ശേഷം സ്റ്റക്ക് ആയി എന്നാണ് രവീന്ദ്രന്‍ പറയുന്നത്. ലിഫ്റ്റിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ആരും എടുത്തില്ലെന്നും അലാറം കൂടെക്കൂടെ അടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ശനിയാഴ്ച ഓര്‍ത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തിയത്. ആ സമയത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റില്‍ കയറി. കയറിയ ഉടന്‍ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. തുടര്‍ന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളില്‍ കുടുങ്ങിയത്.