തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത വിവാദ നായകൻ ആയ എം. ശിവശങ്കർ ഐഎഎസിന് ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 2,35,967 രൂപയാണ് അനുവദിച്ചത്. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സക്കാണ് സർക്കാർ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ അനുവദിച്ചിരിക്കുന്നത്.
2023 ആഗസ്ത് 13 മുതൽ 17 വരെ തിരുവനന്തപുരം കോസ്മോ പൊളിറ്റൺ ഹോസ്പിറ്റലിൽ ശിവശങ്കർ ചികിൽസ തേടിയിരുന്നു. ചികിൽസക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കർ 2024 മെയ് 8 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം അനുവദിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഈ മാസം 11 ന് പണം അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം 2023 ആഗസ്തിൽ അനുവദിച്ചിരുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും, ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. സ്വകാര്യ ആശുപത്രിയായ കോസ്മോ ഹോസ്പിറ്റലിൽ ആയിരുന്നു ശിവശങ്കർ ചികിൽസ തേടിയത്. ആ തുകയാണ് ഈ മാസം അനുവദിച്ചത്.
ലൈഫ് മിഷൻ കോഴക്കേസില്‍ അറസ്റ്റിലായ ശിവശങ്കറിന് വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്.
ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെയായിരുന്നു. പിന്നീട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. കേസിൽ ജാമ്യം തേടി പലതവണയാണ് ശിവശങ്കർ കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനുശേഷമാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സുപ്രിംകോടതിയെ സമീപിച്ചത്.
പണ്ടാരച്ചെമ്പിലെ ചോറല്ലേ പൊതുഖജനാവിലെ പണം. കയ്യിട്ടുവാരുന്നവനൊക്കെ കാര്യക്കാരൻ. പണമില്ലെന്നു പറഞ്ഞാണ് ഈ ഗവണ്മെന്റ് അഗതികളുടെ പെൻഷൻ നിർത്തിയത്. മറ്റു ക്ഷേമ പെൻഷനുകളെല്ലാം 5 മാസം കുടിശിഖയാണ്. ഇനി ഒരു പത്തുമാസം കൂടി മുടക്കു വരുത്തും. അപ്പോഴേക്കും തെരഞ്ഞെടുപ്പായി. പിന്നെ 5 മാസത്തെ 8000 രൂപ ഒന്നിച്ചു കൊടുക്കും. പഴയ കിറ്റിന്റെ പുതിയ രൂപം. വോട്ടു റെഡി!
കാറ്റുള്ളപ്പോൾ പേറ്റണം!!