-ലിജിൻ. ജി-

“നിങ്ങൾ എഴുതി വെച്ചോളൂ.. ഗുജറാത്തിൽ ബിജെപിയെ ഇന്ത്യ സഖ്യം പരാജയപ്പെടുത്തും”. ലോക്സഭയിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ ആണിവ.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 50 സീറ്റിൽ താഴെ ഒതുങ്ങുമെന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് 99 സീറ്റുകളുമായി കോൺഗ്രസ്‌ പാർലമെന്റിലേക്ക് എത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയും, ഭാരത് ജോഡോ യാത്രകളിലൂടെ നേടിയ ഊർജ്ജവും കരുത്തുമായി രാഹുൽ ഗാന്ധി പ്രതിപക്ഷ നിരയെ നയിക്കുമ്പോൾ മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നില പരുങ്ങലിലാണ്.

പഴയത് പോലെ വോട്ട് ആകർഷിക്കാൻ മോദിക്ക് കഴിയുന്നില്ല എന്നത് യാഥാർഥ്യം. വാരണാസിയിൽ പോലും ഒന്ന് പതറിയ ശേഷമായിരുന്നു മോദി ജയിച്ചുകയറിയത്. 400 സീറ്റ്‌ നേടുമെന്ന് അവകാശവാദം ഉയർത്തിയിരുന്ന മോദിക്ക് ഭരിക്കാൻ നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും കൂട്ട് പിടിക്കേണ്ടി വന്നു എന്നത് അത്ര സുഖകരമല്ല.

ചില സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. നിലവിലെ സാഹചര്യത്തിൽ മോദിക്ക് തിളങ്ങാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്. അങ്ങനെ ഒരു തിരിച്ചടി തിരഞ്ഞെടുപ്പുകളിൽ ഉണ്ടായാൽ പാർട്ടിക്കുള്ളിൽ തന്നെ മോദിക്കെതിരെ ചോദ്യങ്ങൾ ഉയരാം. അതിന് മോദിക്ക് മുന്നിൽ ഒറ്റ പരിഹാരമേ ഉള്ളു. നഷ്ടപ്പെട്ട പ്രതിശ്ചായ തിരിച്ചു പിടിക്കുക.

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നു

അതിന് ചില നുറുക്കുവിദ്യകൾ മോദി നടത്തുകയും ചെയുന്നുണ്ട്. ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങളുമായും, ടി20 ലോകകപ്പുമായി എത്തിയ ക്രിക്കറ്റ് താരങ്ങളുമായും മോദി സംവദിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ കിണഞ്ഞു ശ്രമിച്ചിട്ടും മോദിയുടെ പ്രഭാവം തിരികെ എത്തിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ് കഴിഞ്ഞ ഒരു മാസമായി ഇന്ത്യ കാണുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എന്താണോ കോൺഗ്രസും രാഹുൽ ഗാന്ധിയും പറഞ്ഞത്, അതുതന്നെയാണ് തിരഞ്ഞെടുപ്പിന് ശേഷവും രാഹുൽ ജനങ്ങളുമായി പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്തെ യുവാക്കളോട് രാഹുൽ പറഞ്ഞ ഒരു കാര്യം അഗ്നിപഥ് പദ്ധതി നിർത്തലാക്കും എന്നായിരുന്നു. പാർലമെന്റിനകത്തും രാഹുൽ ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് അർഹിച്ച തുക, സർക്കാർ നൽകിയില്ല എന്ന് രാഹുൽ ആവർത്തിച്ചപ്പോൾ നൽകി എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുവാദം.

എന്നാൽ അതിനെതിരെയും നിരന്തരമായി സർക്കാറിനോട് ചോദ്യങ്ങൾ രാഹുൽഗാന്ധി ചോദിച്ചു കൊണ്ടേയിരുന്നു. ഹാത്രസിൽ ദുരന്തത്തിൽപ്പെട്ട് മരിച്ച ആളുകളുടെ ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാനും രാഹുൽ പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ട ഗുജറാത്തിൽ എത്തിയ രാഹുൽ ഗാന്ധി അണികൾക്ക് നൽകിയ ഊർജ്ജം ചെറുതല്ല. ഗുജറാത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കും എന്ന് രാഹുൽ ഗാന്ധി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ അതിനെ വരവേറ്റത്.

മണിപ്പൂരില്‍ കലാപത്തിനിരയായി ക്യാമ്പുകളില്‍ താമസിക്കുന്നവരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദർശിക്കുന്നു

മണിപ്പൂരിൽ നീറിപ്പുകയുന്ന മാനുഷിക വിഷയങ്ങളിൽ ഇതുവരെയും വായ തുറക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ, ആ വിഷയങ്ങളിൽ പ്രതികരണം നടത്താൻ പ്രേരിപ്പിച്ചതും പാർലമെന്റിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗം തന്നെയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം രാജ്യം രണ്ട് പ്രധാന യാത്രകൾക്ക് സാക്ഷ്യം വഹിച്ചു. ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് നടത്തിയ യാത്ര.

രണ്ടാമത്തേത് രാഹുൽ ഗാന്ധി മണിപ്പൂരിലെ വേദനിക്കുന്ന ജനതയുടെ അടുത്തേക്ക് നടത്തിയ യാത്ര. നരേന്ദ്രമോദി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്ന ശക്തമായ ആരോപണം തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ രാഹുൽഗാന്ധി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ആ വിഷയം ശക്തമായി നിലനിർത്താനും ജനങ്ങളുടെ ശ്രദ്ധ മണിപ്പൂരിലേക്ക് എത്തിക്കുന്നതിനും രാഹുൽ ഗാന്ധി വിജയിച്ചു. കോൻ രാഹുൽ എന്ന് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുയായികളും, രാഹുൽ ഗാന്ധിയുടെ ചാട്ടുളി പോലെയുള്ള ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇനി എന്താണ് തനിക്ക് മുന്നിലുള്ള നീക്കങ്ങൾ എന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വളരെ കൃത്യമായ ധാരണ ഉണ്ട്. അത് അദ്ദേഹം പാർലമെന്റിൽ വെച്ച് തന്നെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ എത്തിയപ്പോൾ ആവർത്തിക്കുകയും ചെയ്തു. “എഴുതി വെച്ചോളൂ… ഗുജറാത്ത്‌ നമ്മൾ ഭരിക്കും… ഗുജറാത്ത്‌ നമ്മൾ പിടിക്കും..”. വരാൻ പോകുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ ആണ് രാഹുൽ ലക്ഷ്യം വെക്കുന്നത് എന്ന് തീർച്ച. നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിൽ നിന്ന് തന്നെ തുടങ്ങുമ്പോൾ അതിന് അർഥതലങ്ങൾ ഏറെയാണ്. രാഹുലിന്റെ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലാണ്. അതിന് കാരണങ്ങളും ഉണ്ട്.

2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ അജണ്ട സൃഷ്ടിക്കാൻ ബിജെപി കരുവാക്കിയത് അയോദ്ധ്യ രാമക്ഷേത്രം തന്നെയായിരുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ യുപിയിൽ വലിയ തകർച്ച ബിജെപി നേരിട്ടു. വോട്ടുബാങ്ക് ആക്കാൻ ബിജെപി കരുതി വെച്ചിരുന്ന അയോദ്ധ്യ തന്നെയാണ് അവർക്ക് മുഖമടച്ച അടി നൽകിയത്. ഉത്തർപ്രദേശിൽ 2019 ൽ 62 സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് 2024 എത്തിയപ്പോഴേക്കും 33 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1990 കളുടെ പകുതി മുതൽ തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന യുപിയിൽ ബിജെപി നേരിട്ടത് ചെറിയ പരാജയമായിരുന്നില്ല. ഇത് രാഹുലിനും കോൺഗ്രസ്‌ പാർട്ടിക്കും, ഇന്ത്യ മുന്നണിക്കും നൽകുന്ന ഊർജം ചെറുതല്ല.

ഗുജറാത്ത്‌ പിടിക്കുമെന്ന് രാഹുൽ പറഞ്ഞു വെക്കുന്നതിൽ മറ്റൊരു കാരണമുണ്ട്. നീണ്ട ഇടവേളക്ക് ശേഷം 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും കോൺഗ്രസിന്റെ ഒരു സ്ഥാനാർഥി വിജയിച്ചു കയറി. ജനാസ്കന്ധയിൽ ഗെനി ബെൻ ടാക്കൂർ ആയിരുന്നു 26 സീറ്റിൽ 26 എന്ന ബിജെപി മോഹം തല്ലിക്കെടുത്തിയത്. ബിജെപി അടക്കിവാണ ഗുജറാത്ത്‌ കോൺഗ്രസിന് അന്യമല്ല എന്ന് തെളിയിക്കുകയാണ് ഗെനി ബെന്നിന്റെ ഈ തിളക്കമാർന്ന വിജയം.

ഗുജറാത്തിലെ ബിജെപിയുടെ നില അത്ര സുഖകരമല്ല. മോദിയുടെ പ്രിയങ്കരനായ ഭൂപേന്ദ്ര പട്ടേൽ എന്ന മുഖ്യമന്ത്രിയുടെ ഭരണം ജനങ്ങൾക്ക് ആശ്വാസകരം അല്ല എന്ന് വ്യക്തം. വിലക്കയറ്റവും, തൊഴിലില്ലായ്മയും സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയങ്ങൾ ആയി മാറിക്കഴിഞ്ഞു. പാർട്ടിക്കുളിൽ തന്നെ ഭിന്നതയും രൂക്ഷം. 2027 ൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് ബിജെപിയുടെയും സർക്കാരിന്റെയും ഈ പ്രവർത്തനം പോരാതെ വരും തുടർഭരണം എന്ന മോഹം പൂവണിയിക്കാൻ. മാത്രവുമല്ല സമീപസംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും രാജസ്ഥാനിലും ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കൈവരിച്ച നേട്ടവും ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

2027 ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് 2 വർഷത്തോളം സമയം. രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞ പ്രഖ്യാപനം നടത്തിയെടുക്കാൻ ഇന്ത്യ മുന്നണിക്ക് സമയം ആവോളമുണ്ട്. ഒന്നുറപ്പാണ് രാഹുൽ ഗാന്ധിയുടെ വാക്ക് വെറുതെ ആകില്ല. ഒന്നും കാണാതെയും, ചിന്തിക്കാതെയും രാഹുൽ ഒന്നും പറയാറുമില്ല. അത് തന്നെയാണ് അയാളുടെ ക്വാളിറ്റിയും.