കെ.ബി. ഗണേഷ് കുമാറിന് മുന്നില്‍ കൈമലര്‍ത്തി കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: വരുന്ന മാസം മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായും മുടങ്ങാതെയും നല്‍കുമെന്നുമുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാകില്ല. ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പ് കര്‍ശന നിലപാട് എടുത്തിരിക്കുകയാണ്.
ജൂലൈ മാസത്തെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്റെ ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞദിവസം ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡുവിന് ധനവകുപ്പിനെ സമീപിച്ചപ്പോഴും ഈ നിലപാട് വ്യക്തമാക്കിയ ശേഷമാണ് 30 കോടി അനുവദിച്ചത്. എന്നാല്‍, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാട് എടുക്കാനാകില്ലെന്നാണ് കെ.എന്‍. ബാലഗോപാലിന്റെ അവസ്ഥ.
ധനവകുപ്പില്‍ നിന്ന് കിട്ടുന്ന 50 കോടിക്കു പുറമേ ബാങ്കില്‍ നിന്ന് 30 കോടി കൂടി മാസാദ്യം തന്നെ ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം അഞ്ചിന് മുന്‍പ് നല്‍കാമെന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കണക്കുകൂട്ടല്‍. ഇത് ഇനി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്.
കെ.എസ്.ആര്‍.ടി.സി വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും (KTDFC) കേരള ബാങ്കിന്റെയും നിലനില്‍പിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പു കെ.ടി.ഡി.എഫ്.സി വായ്പ നല്‍കിയത് ജില്ലാ ബാങ്കുകളില്‍ നിന്നു കടമെടുത്തായിരുന്നു.
പലിശയും പിഴപ്പലിശയുമായി ഇത് 625 കോടിയായി വളര്‍ന്നതോടെ കെ.ടി.ഡി.എഫ്.സിയും ഒപ്പം ജില്ലാബാങ്കുകള്‍ ചേര്‍ത്ത് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം കൂടിയതോടെ കെ.ടി.ഡി.എഫ്.സിക്കും കേരള ബാങ്കിനും റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് 625 കോടി നല്‍കിയത്. കെ.ടി.ഡി.എഫ്.സിയില്‍ നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ ഹൈക്കോടതിയില്‍ നിക്ഷേപകര്‍ ഹര്‍ജി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.
625 കോടി നല്‍കിയതിനാല്‍ ഇനി കെഎസ്ആര്‍ടിസിക്ക് മാസംതോറുമുള്ള സഹായവും പെന്‍ഷന്‍ തുകയും നല്‍കാന്‍ ധനവകുപ്പിനാകില്ലെന്നും കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് . 50 കോടി രൂപ ശമ്പളം നല്‍കുന്നതിനും 71 കോടി രൂപ പെന്‍ഷന്‍ നല്‍കുന്നതിനും ധനവകുപ്പ് നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നത് സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്. ഇത് ആറു മാസത്തിനുള്ളില്‍ ധനവകുപ്പ് പലിശ സഹിതം ഈ ബാങ്കുകള്‍ക്ക് തിരികെ നല്‍കുന്നതാണ് രീതി.
അടുത്ത മാസം മുതല്‍ ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെയാണ് ധനവകുപ്പ് ഈ രീതിയില്‍ നയം മാറ്റിയത്. ഇതോടെ ഗതാഗതവകുപ്പ് വെട്ടിലായി.