വിഴിഞ്ഞം തുറമുഖ നിർമാണം: സംസ്ഥാന സർക്കാർ വിഹിതം 5595.34 കോടി; പക്ഷേ, കൊടുത്തത് വെറും 884.38 കോടി

വാഗ്ദാനം ചെയ്ത തുകയിൽ നൽകിയത് 16 % മാത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് നിയമസഭ രേഖ. സംസ്ഥാന സർക്കാരിനും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനും കേന്ദ്ര സർക്കാരിനും പങ്കാളിത്തമുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.

8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണ ചെലവ്. ഇതിൽ 5595.34 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം. ഇതിൽ വെറും 884.38 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ 11-6-24 ന് വ്യക്തമാക്കിയിരുന്നു.

വാഗ്ദാനം ചെയ്ത തുകയിൽ നൽകിയത് 16 ശതമാനം മാത്രം. കേന്ദ്രസർക്കാർ 817.80 കോടിയും അദാനി കമ്പനി 2454 കോടിയും ആണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചെലവഴിക്കുന്നത്. തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണത്തിനായി 2454 കോടി രൂപയാണ് അദാനി പോര്‍ട്ട് വഹിക്കേണ്ടത്.

1635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. പുലിമുട്ട് നിര്‍മാണത്തിനും മത്സ്യ ബന്ധന തുറമുഖത്തിന്റെ നിര്‍മാണത്തിനുമായി സംസ്ഥാനം പിന്നെയും 1754 കോടി അനുവദിക്കണം. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട വിജിഎഫ് തുക നല്‍കിയിട്ടില്ല. നിര്‍മാണ ആവശ്യത്തിനായി ഇതുവരെ 884.38 കോടി രൂപ മാത്രമാണ് സംസ്ഥാനം കൈമാറിയത്. അദാനി പോര്‍ട്സ് 4000 കോടി രൂപയിലധികം തുറമുഖത്തിനായി വിനിയോഗിക്കുകയും ചെയ്തു. കിട്ടേണ്ട തുക ഉടനെ അനുവദിക്കണമെന്നാവശ്യവുമായി സര്‍ക്കാരിനെ നിരന്തരം സമീപിക്കുകയാണ് നിര്‍മാണ കമ്പനി.

2015 ആഗസ്ത് 17 ന് ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള കരാർ ഒപ്പ് വയ്ക്കുന്നത്. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിക്ക് തുരങ്കം വയ്ക്കാൻ സി പി എം തുടക്കം മുതൽ ശ്രമിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയെ കുറിച്ച് കടൽ കൊള്ള എന്നായിരുന്നു ദേശാഭിമാനി എഴുതിയത്. 5000 കോടിയുടെ കടൽ കൊള്ള എന്നായിരുന്നു പിണറായി അടക്കമുള്ളവരുടെ പ്രചരണം. ഇന്ന് സ്വപ്ന നേട്ടം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. വാഗ്ദാനം ചെയ്ത സർക്കാർ ഫണ്ട് പോലും കൊടുക്കാതെയാണ് മുഖ്യമന്ത്രി ‘സ്വപ്ന നേട്ടം ” എന്ന് അവകാശപ്പെടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sunny
Sunny
5 months ago

The balance amount shall be given by the directors of Karuvanoor bank