തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ മദര്‍ഷിപ്പ് എത്തി. കണ്ടെയ്‌നറുകളുമായി ചരക്കുകപ്പലായ സാന്‍ ഫെര്‍ണാണ്ടോ രാവിലെ ഒമ്പതുമണിയോടെ തീരമണഞ്ഞു. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ സ്വീകരിച്ചത്.
മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ടഗിലുണ്ടായിരുന്നു.
ബെര്‍ത്തിങ് ഫ്‌ലാഗ് ഓഫ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഉച്ചയോടെ കപ്പലിലെ കണ്ടെയ്‌നറുകള്‍ ഇറക്കിത്തുടങ്ങും. കപ്പലില്‍നിന്ന് ക്രെയിനിന്റെ സഹായത്തില്‍ ഇറക്കുന്ന കണ്ടെയ്നറുകള്‍ ഇന്റര്‍ ട്രാന്‍സിറ്റ് വെഹിക്കിളി(ഐടിവി)ല്‍ കയറ്റി യാര്‍ഡുകളിലേക്ക് മാറ്റും. ഒരുസമയം ഏഴായിരം കണ്ടെയ്നര്‍ ഇറക്കിവയ്ക്കാനുള്ള യാര്‍ഡ് തുറമുഖത്തുണ്ട്. കണ്ടെയ്‌നര്‍ ഇറക്കാനും കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളുണ്ട്.
കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും തുറമുഖത്തിന്റെ ട്രയല്‍ റണ്ണും നാളെ നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പങ്കെടുക്കും. കണ്ടെയ്നര്‍ ഇറക്കിയശേഷം വെള്ളിയാഴ്ച വൈകിട്ടോടെ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ തിരിച്ചുപോകും. ശനിയാഴ്ച മുതല്‍ ഫീഡര്‍ വെസലുകള്‍ വന്നുതുടങ്ങും.
Congratulations to all Keralites and Modiji