ശമ്പള പരിഷ്കരണം 10 വർഷത്തിൽ ഒരിക്കലോ??
തിരുവനന്തപുരം: കുടിശികയായ സർക്കാർ ആനുകൂല്യങ്ങള്‍ സമയ ബന്ധിതമായി കൊടുത്തുതീർക്കുമെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നടത്തിയ നിയമസഭ പ്രസംഗത്തില്‍ ജീവനക്കാർക്ക് നിരാശ. ശമ്പള – പെൻഷൻ പരിഷ്കരണ കമ്മീഷനെ കുറിച്ച് മൗനം പാലിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം.
2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തെ കുറിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. 10 വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം മതിയെന്നാണ് ചീഫ് സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിൻ്റേയും നിലപാട്. ഇവർ മുഖ്യമന്ത്രിയിൽ സ്വാധീനം ചെലുത്തി എന്ന് വ്യക്തമാകുന്നതായിരുന്നു പിണറായി വിജയന്റെ നിലപാട്.
ശമ്പള, പെൻഷൻ പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചവർ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ കടുത്ത നിരാശയിലായി. അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള, പെൻഷൻ പരിഷ്കരണം ഇനി സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കുകയാണോ എന്ന ആശങ്കയിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇപ്പോള്‍.
22 % ക്ഷാമബത്ത കുടിശിക ആവിയായി! ഈ സാമ്പത്തിക വർഷം ലഭിക്കുക 3 % ക്ഷാമബത്ത മാത്രം
ക്ഷാമബത്ത കുടിശിക അനന്തമായി നീളും. 22 ശതമാനം ക്ഷാമബത്ത കുടിശിക അനന്തമായി നീളുമെന്നാണ് ചട്ടം 300 പ്രകാരമുള്ള മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഓരോ സാമ്പത്തിക വർഷവും 2 ഗഡു ക്ഷാമ ബത്ത അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക വർഷം ഏപ്രിലിൽ ഒരു ഗഡു ഡി.എ ( 2% ) നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വർഷം ലഭിക്കുന്നത് 3 ശതമാനം ഡി.എ മാത്രമായിരിക്കും. നിലവിൽ 7 ഗഡുക്കളാണ് കുടിശിക. ഇതിൽ 2025 മാർച്ച് 31 ന് ഉള്ളിൽ ഒരു ഗഡു ക്ഷാമബത്ത മാത്രമാണ് തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
അതേസമയം, 2025 ജനുവരിയിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് ക്ഷാമബത്ത കുടിശിക 7 ഗഡുക്കളായി വീണ്ടും ഉയരും. 2024-25 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 2 ഗഡു ക്ഷാമബത്ത കൊടുക്കുമെന്ന പ്രഖ്യാപനത്തോടെ 7 ഗഡുക്കൾ സ്ഥിരം കുടിശികയാകുമെന്ന് വ്യക്തമാകുകയാണ്.
അങ്ങനെയാണെങ്കില്‍, 22 ശതമാനം ക്ഷാമബത്ത കുടിശിക ആവിയായി പോകും. 3 ശതമാനം ഡി.എ അനുവദിക്കുമെന്ന് മലയാളം മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം.