സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ എന്ന് കിട്ടുമെന്ന് നാളെ അറിയാം. ഒപ്പം ക്ഷേമ പെൻഷൻകാരുടെ കുടിശിക, ക്ഷേമനിധി പെൻഷൻ കുടിശിക , കർഷക ആനുകൂല്യങ്ങൾ, കാരുണ്യ പദ്ധതി പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങൾ, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷ തുടങ്ങി സർക്കാർ തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ എന്ന് കിട്ടുമെന്ന് നാളെ അറിയാം.
കുടിശികയായ സർക്കാർ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി അനുവദിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ നാളെ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തുകയാണ്. കുടിശിക എപ്പോൾ കിട്ടുമെന്ന് നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആയതിനാൽ പ്രസ്താവന നടത്തേണ്ടത് ധനമന്ത്രിയായിരുന്നു.
എന്നാൽ ധനമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയത് നിയമസഭ വൃത്തങ്ങൾ കൗതുകത്തോടെയാണ് കാണുന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 40000 കോടിയുടെ ആനുകൂല്യങ്ങളാണ് തടഞ്ഞ് വച്ചിരിക്കുന്നത്. സാമൂഹ്യ ക്ഷേമനിധി പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും 6 മാസം കുടിശികയുണ്ട്.
5400 കോടി വേണം ഇത് കൊടുക്കാൻ. കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 13 മാസമായി കുടിശികയാണ്. 780 കോടി വേണം ഈ കുടിശിക കൊടുത്ത് തീർക്കാൻ. 2300 കോടി കാരുണ്യ പദ്ധതിക്ക് കൊടുക്കാനുണ്ട്. 20000 കോടിയോളം രൂപ കരാറുകാർക്കും നൽകാനുണ്ട്.
75000 കോടിയോളം രൂപ മറ്റ് പല വിധത്തിലുള്ള കുടിശികകളും. ഇതെല്ലാം എന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി നാളെ കൃത്യമായി പ്രഖ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ വർഷം ഇനി കടമെടുക്കാനുള്ളത് 15000 കോടി മാത്രമാണ് എന്നിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും എന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്.