സെക്രട്ടേറിയറ്റിലെ ആക്രിക്കടത്ത്: സ്വതന്ത്ര അന്വേഷണം വേണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala Secretariat

സെക്രട്ടേറിയറ്റിൽ നടപടി ക്രമങ്ങൾ പാലിക്കാതെ നടത്തുന്ന ആക്രിക്കടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പുറത്തു വരുന്ന മാധ്യമ വാർത്തകൾ വളരെ ഗൗരവതരമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കണ്‍വീനർ ഇർഷാദ് എംഎസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ടെണ്ടർ വിളിക്കാതെ ആക്രി വസ്തുക്കൾ കൊണ്ടുപോകുന്നതിന് സർക്കാർ അനുമതി നൽകിയ വ്യക്തിതന്നെ താൻ അങ്ങനെയൊരു കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തൽ നടത്തിയതോടെ ഇതിൻ്റെ മറവിൽ വലിയ ക്രമക്കേട് നടന്നതായി തെളിഞ്ഞിരിക്കുകയാണ്. പൊതുഭരണ വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ മാത്രം വിചാരിച്ചാൽ നടക്കുന്ന ക്രമക്കേടല്ല ഇത്.

ആക്രി സാധനങ്ങൾ വിറ്റ തുക ട്രഷറിയിൽ അടച്ചില്ലെന്നത് നഗ്നമായ അഴിമതിയാണ്. താൽക്കാലിക ജീവനക്കാരൻ പൊതുഭരണസംവിധാനത്തെയാകെ കബളിപ്പിച്ചു എന്ന് കരുതാൻ കഴിയില്ല. സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ നേതൃത്യത്തിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. പൊതുഭരണ ഹൗസ് കീപ്പിംഗ് വകുപ്പിനും ഹെൽത്ത് ഇൻസ്പെക്ടർക്കും വീഴ്ചകളുണ്ടായി എന്നത് വ്യക്തമാണ്. ഇക്കാര്യങ്ങൾ തുടരെ തുടരെ വാർത്തകൾ പുറത്തുവന്നിട്ടും ഉന്നത അധികാരികൾ പുലർത്തുന്ന മൗനവും നിസംഗതയും സംശയങ്ങൾ ഉയർത്തുകയാണ്.

ആയതിനാൽ ആക്രി വിൽപ്പന/ നിർമ്മാർജ്ജനം സംബന്ധിച്ച് കഴിഞ്ഞ എട്ട് വർഷമായി കൈക്കൊണ്ടുവരുന്ന എല്ലാ നടപടിക്രമങ്ങളും, ടെണ്ടർ നടപടികൾ, നടത്തിയ താല്കാലിക നിയമനങ്ങൾ, സർക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ, തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഒരു ഉന്നതതല സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണ വിധേയരായവരെ അടിയന്തരമായി മാറ്റി നിർത്തണമെന്നും
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എംഎസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments