18 ദിവസമായിട്ടും ഫയൽ തുറന്ന് നോക്കാതെ ധനമന്ത്രി; ഇ ഫയൽ രേഖകൾ മലയാളം മീഡിയക്ക്
ജീവനക്കാരുടെ 1000 കോടി ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ ഓഫിസിൽ ഉറങ്ങുന്നു. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലാണ് ബാലഗോപാലിൻ്റെ ഓഫിസിൽ ഉറങ്ങുന്നത്. 18-6-24 നാണ് ധന പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അഗർവാൾ ബാലഗോപാലിന് ഫയൽ കൈമാറിയത്.
ഇതിൻ്റെ ഇ ഫയൽ രേഖകൾ മലയാളം മീഡിയക്ക് ലഭിച്ചു. 18 ദിവസമായിട്ടും ഈ ഫയൽ തുറന്ന് നോക്കാൻ പോലും ബാലഗോപാൽ തയ്യാറായിട്ടില്ല. ഒരു തവണ ഈ ഫയൽ തീരുമാനമെടുക്കാതെ ബാലഗോപാൽ മടക്കിയതാണ്. പെരുമാറ്റ ചട്ടത്തിൻ്റെ പേരിലായിരുന്നു ഫയൽ മടക്കിയത്. പെരുമാറ്റ ചട്ടം കഴിഞ്ഞതോടെ ഫയൽ വീണ്ടും തീരുമാനമെടുക്കാൻ ബാലഗോപാലിന് സമർപ്പിക്കുക ആയിരുന്നു.
ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76,400 രൂപ വരെയാണ്. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി രൂപയാണ്. ഒരു ഗഡു കൊടുക്കാൻ വേണ്ടത് 1000 കോടി രൂപ.
1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 ഏപ്രില്‍, നവംബർ മാസങ്ങളിലും, 2024 ഏപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാൽ. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല. 1.4.23 ലും 1.10.23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.
ആദ്യ 2 ഗഡുക്കൾ കൊടുക്കാൻ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്. മൂന്നാം ഗഡു 1.4. 2024ൽ ലഭിക്കേണ്ടതാണ്. കഴിഞ്ഞ രണ്ട് ഗഡുക്കളുടെ അവസ്ഥയാണോ മൂന്നാം ഗഡുവിനും എന്ന ആശങ്കയിലാണ് ജീവനക്കാർ.