തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ സഹായ പ്രവർത്തനങ്ങൾക്ക് വേണ്ടി നിയമിച്ച സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വേതനം നൽകാൻ പണം അനുവദിച്ച് സർക്കാർ ഉത്തരവായി.

ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നവരെ പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് സർക്കാർ തിരഞ്ഞെടുത്തത്. സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളും, NCC കുട്ടികളും അടക്കമുള്ള വിദ്യാർഥികളായിരുന്നു നിയമിക്കപ്പെട്ടത്.

ഇത്തരമൊരു നിയമനത്തിന് ഡ്യൂട്ടി കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ അക്കൗണ്ടുകളിൽ വേതനമെത്തുമെന്നായിരുന്നു ഡ്യൂട്ടിക്ക് മുൻപേ ലഭിച്ച അറിയിപ്പ് എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷവും വേതനം ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായി. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഡ്യൂട്ടി ചെയ്ത ഒരു വിദ്യാർത്ഥി ഈ വിഷയം ചൂണ്ടിക്കാണിച്ച് കമന്റിടുകയും പ്രതിപക്ഷ നേതാവ് കുട്ടിക്ക് മറുപടി നൽകുകയും ചെയ്തു.

വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും ഉറപ്പായും പരിശോധിക്കാമെന്ന ഉറപ്പുമാണ് പ്രതിപക്ഷ നേതാവ് നൽകിയത്. വിഷയത്തിൽ 25-06-24 ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് സബ്മിഷന് നോട്ടീസ് നൽകി. 1-07-24 ന് സർക്കാർ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്ക് വേതനം നൽകാൻ പണം അനുവദിച്ച് കൊണ്ട് ഓർഡർ ഇറക്കി. ഇത് മൂലം നിരവധിയായ വിദ്യാർഥികൾക്ക് ഇതിലൂടെ പണം ലഭിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്.